പത്തനംതിട്ട : തൊഴിൽ മേഖലയ്ക്ക് ആശ്വാസമായി ഇതര സംസ്ഥാന തൊഴിലാളികളുടെ തിരിച്ചു വരവ്. ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് തൊഴിലാളികൾ തിരികെ എത്തിത്തുടങ്ങി.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏതാനും മാസം മുൻപ് സ്വന്തം നാടുകളിലേക്ക് മടങ്ങിയ തൊഴിലാളികളാണ് തിരികെ എത്തി തുടങ്ങിയത്. നിർമ്മാണ,വ്യവസായ മേഖലകൾക്ക് ഇനി കൂടുതൽ ഉണർവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കരാറുകാർ.
തിരുവല്ല, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനുകളിലും പത്തനംതിട്ട, കോഴഞ്ചേരി, തിരുവല്ല, കുമ്പനാട്, വെണ്ണിക്കുളം , തടിയൂർ, കുമ്പനാട് തുടങ്ങിയ സ്ഥലങ്ങളിലെ കെ എസ് ആർ ടി സി സ്റ്റോപ്പുകളിലും മറ്റും കൂട്ടത്തോടെ ബസിറങ്ങുന്ന തൊഴിലാളികളെ കഴിഞ്ഞ ദിവസങ്ങളിൽ കാണാമായിരുന്നു.സ്വദേശത്തേക്ക് പോയവരിൽ 50 ശതമാനത്തിലധികം പേരും മടങ്ങി എത്തിയതായാണ് സൂചന. അടുത്ത ദിവസങ്ങളിൽ കൂടുതൽ പേർ എത്തുമെന്നാണ് കരുതുന്നതെന്ന് നിർമ്മാണ കരാറുകാർ പറഞ്ഞു .
തൊഴിലാളികൾ എത്തി തുടങ്ങിയതോടെ നിർമ്മാണ പ്രവൃത്തി മേഖല, ഹോട്ടലുകൾ എന്നിവിടങ്ങളിലെ തൊഴിലാളി ക്ഷാമത്തിന് അയവ് വരുമെന്നാണ് പ്രതീക്ഷ. തൊഴിലാളി ക്ഷാമം മൂലം കൂലി വർധന ആവശ്യപ്പെട്ട് ജില്ലയിൽ ചിലയിടങ്ങളിൽ തൊഴിലാളികളും കരാറുകാരും തമ്മിൽ ദിവസങ്ങൾക്ക് മുമ്പ് വരെ തർക്കങ്ങളും കയ്യാങ്കളിയും വരെ നടന്നിരുന്നു.
തൊഴിലാളികൾക്ക് കൂലി നിശ്ചയിച്ച് പ്രൈവറ്റ് ബിൽഡിംഗ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലയിൽ പലയിടത്തും ബോർഡുകൾ വരെ സ്ഥാപിച്ചു. മേസ്തിരിക്ക് 1000 രൂപയും മൈക്കാടിന് (ഹെൽപ്പർ) 900 രൂപയും ആയി കൂലി ഏകീകരണം കാട്ടിയാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിളവെടുപ്പ് സീസൺ ആരംഭിച്ചതും അവിടെ തന്നെ പുതിയ തൊഴിലവസരങ്ങൾ വർധിച്ചതുമാണ് തൊഴിലാളികളുടെ കേരളത്തിലേക്കുള്ള മടങ്ങിവരവിനെ പ്രതികൂലമായി ബാധിച്ചത്. പശ്ചിമേഷ്യൻ സംഘർഷവും തൊഴിലാളികൾ തിരികെ എത്താതിരുന്നതിന് പിന്നിലെ കാരണമായി.
അസംസ്കൃത വസ്തുക്കളുടെ ക്ഷാമം, പാചക വാതക ഭൗർലഭ്യം, ഹോട്ടലുകളുടെ അടച്ചിടൽ എന്നിവയും തൊഴിലാളികളുടെ മടങ്ങിവരവിനെ ബാധിച്ചു. കേരളത്തിൽ മഴക്കാലമായതിനാൽ നിർമാണ രംഗത്ത് പണി കുറവാണെന്ന പ്രതീതിയും തൊഴിലാളികളുടെ മനസിനെ മടുപ്പിച്ചു. പലരും ഇപ്പോഴും അവരവരുടെ നാടുകളിൽ തന്നെ ഇപ്പോഴും തുടരുന്നതിൻ്റെ കാരണമിതാണെന്ന് പശ്ചിമ ബംഗാളിൽ നിന്നെത്തിയ തിവാരി എന്ന തൊഴിലാളി പറഞ്ഞു.
ഇപ്പോൾ അസമിലും ബംഗാളിലും കൃഷി ജോലികൾ ആരംഭിച്ചതിനാൽ അതിൽ ഏർപ്പെട്ടവർ ഇങ്ങോട്ടേക്ക് വന്നിട്ടില്ല. ബംഗാൾ (41%), അസം (20%), ഒഡിഷ (14%), തമിഴ്നാട് (22 %) എന്നിങ്ങനെയാണ് ജില്ലയിലെ അതിലിത്തൊഴിലാളികളുടെ കണക്ക് സർക്കാരിൻ്റെ പക്കലുള്ളത്. ഇതിന് പുറമെ ബീഹാർ, യുപി, ജാർഖണ്ഡ്, മണിപ്പൂര് , നാഗാലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ളവരും ഇവിടെ പണിയെടുക്കുന്നുണ്ട്.





