ആലപ്പുഴ: കേന്ദ്ര പദ്ധതിയായ സ്വദേശ് ദർശന്റെ ആലപ്പുഴയിലെ പുരോഗതി വിലയിരുത്തുന്നതിനായി കെ.സി.വേണുഗോപാൽ എം.പി, ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ്, ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ എന്നിവർ സ്ഥലം സന്ദർശിച്ചു. ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകുന്ന പദ്ധതി ഏറെ പ്രയത്നിച്ചാണ് ആലപ്പുഴയ്ക്കായി കൊണ്ടുവരാൻ കഴിഞ്ഞതെന്ന് കെ.സി.വേണുഗോപാൽ എം.പി പറഞ്ഞു. പദ്ധതിക്ക് പ്രാധാന്യം നൽകി സെപ്റ്റംബറിൽ പൂർത്തിയാക്കാനും എം.പി.നിർദ്ദേശിച്ചു.
ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലൂടെ നടക്കുന്നത്. ജൂണിൽ തീരേണ്ട പദ്ധതി വൈകിപ്പിക്കാൻ കഴിയില്ലെന്നും നടത്തിപ്പ് ഏജൻസികളായ ഇൻകലും യൂ.എൽ.സി.സിയും ഒരേ സമയം ജോലികൾ മുന്നോട്ട് കൊണ്ടുപോയി പദ്ധതി പൂർത്തിയാക്കണമെന്നും എം.പി. നിർദ്ദേശം നൽകി.
ജല നിർഗമന മാർഗങ്ങൾ കാര്യമായിത്തന്നെ പഠിച്ച് ഇതൊടൊപ്പം നടപ്പാക്കണം. ബോട്ടിങ് സൗകര്യം ഉണ്ടാവണമെന്നും കെ.സി.വേണുഗോപാൽ എം.പി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. പദ്ധതി നടത്തിപ്പിന് എം.പി.നിർദ്ദേശിച്ച പുന്നമടയിലേക്കുള്ള റോഡുകളുടെ ആധുനികീകരണം ഉൾപ്പടെയുള്ള ചില ഭാഗങ്ങൾ സംസ്ഥാന സർക്കാരിന്റെ ടൂറിസം വകുപ്പുകൂടി സഹകരിച്ച് വേഗത്തിലാക്കുമെന്ന് ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് പറഞ്ഞു.
സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ ഫണ്ട് വിനിയോഗിച്ച് വിഭാവനം ചെയ്ത പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാപ്പള്ളി- ശവക്കോട്ട കനാലിന്റെ വശങ്ങള്‍ കെട്ടുന്ന ജോലികളും കാനല്‍ ആഴം കൂട്ടൽ നടപടികളും പുരോഗമിക്കുകയാണ്. എം.പിയ്ക്കും മന്ത്രിക്കുമൊപ്പം ജില്ലകളക്ടർ ഷാജി വി.നായർ, നഗരസഭാ ചെയർപേഴ്സൺ മോളി ജേക്കബ്, കൗൺസിലർമാരായ എ.എം.നൗഫൽ തുടങ്ങിയവരും ഉണ്ടായിരുന്നു.





