കോട്ടയം: ഏറ്റുമാനൂർ–വൈക്കം റോഡിൽ ആറാം മൈലിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്. ബുധനാഴ്ച രാവിലെ 10:30-ഓടെയായിരുന്നു അപകടം. ഒരേ ദിശയിൽ പോവുകയായിരുന്ന കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതിനെ തുടർന്ന് തൊട്ടുപിന്നിൽ ഗ്യാസ് കാലിക്കുറ്റികളുമായി എത്തിയ ലോറി കാറിന് പിന്നിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
ഈ സമയം പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് ലോറിയുടെ പിൻഭാഗത്തേക്ക് ഇടിച്ചുകയറിയാണ് അപകടം. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസ്സിലുണ്ടായിരുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ള 7 യാത്രക്കാർക്കും, ഡ്രൈവർക്കും പരിക്കേറ്റു. ബസ് ഡ്രൈവറുടെ കാലിനാണ് പരിക്ക്. കാറിലുണ്ടായിരുന്ന ഒരു യാത്രികയ്ക്കും പരിക്കേറ്റിട്ടുണ്ട്.
പരിക്കേറ്റവരെ ഉടൻ തന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ മുൻഭാഗവും കാറിന്റെ പിൻഭാഗവും തകർന്നു. അപകടത്തെ തുടർന്ന് ഏറ്റുമാനൂർ-വൈക്കം റോഡിൽ ഗതാഗത തടസ്സം നേരിട്ടു. വിവരമറിഞ്ഞ് എത്തിയ കടുത്തുരുത്തി പോലീസ് ഗതാഗതം പുനഃസ്ഥാപിച്ചു.





