പത്തനംതിട്ട: കൈപ്പട്ടൂർ മുതൽ ഓമല്ലൂർ വരെയുള്ള റോഡിൽ ഗതാഗതക്കുരുക്ക് പതിവാകുന്നതായി പരാതി. റോഡരികിലെ തട്ടുകടകളിലും ഭക്ഷണശാലകളിലും എത്തുന്നവർ വാഹനങ്ങൾ റോഡിനോട് ചേർന്ന് അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതോടെ ഇതുവഴിയുള്ള യാത്ര വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ്.
വൈകുന്നേരങ്ങളിലും രാത്രിയിലുമാണ് ഗതാഗതക്കുരുക്ക് കൂടുതലായി അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവർ കാറുകളും ഇരുചക്രവാഹനങ്ങളും റോഡിന്റെ വശങ്ങളിൽ നിരനിരയായി നിർത്തിയിടുന്നത് റോഡിന്റെ വീതി കുറയ്ക്കുന്നു. ഇതോടെ എതിർദിശകളിൽ നിന്ന് ഒരേസമയം വാഹനങ്ങൾ എത്തുമ്പോൾ സുഗമമായ യാത്ര സാധ്യമാകാത്ത സ്ഥിതിയാണ്.
ഗതാഗതനിയന്ത്രണത്തിന് ചുമതലയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങൾ ഉൾപ്പെടെയുള്ളവ ഇവിടെ ഗതാഗത തടസം സൃഷ്‌ടിക്കുന്നതായാണ് ആക്ഷേപം. നിയമം പാലിക്കേണ്ടവർ തന്നെ ഗതാഗത തടസ്സത്തിന് ഇടയാക്കുന്ന രീതിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നാട്ടുകാർക്കിടയിൽ വിമർശനത്തിനും ഇടയാക്കുന്നുണ്ട്.
അടിയന്തര ആവശ്യങ്ങൾക്കായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്കും തിരക്കിനിടയിലൂടെ കടന്നുപോകാൻ പ്രയാസമുണ്ടാകാനുള്ള സാഹചര്യമുണ്ട്. ചെറിയ അശ്രദ്ധ പോലും വലിയ അപകടങ്ങൾക്ക് കാരണമായേക്കാമെന്ന ആശങ്കയും ഉയരുന്നു. തട്ടുകടകളിൽ ഭക്ഷണം കഴിക്കാൻ എത്തുന്നവർക്ക് ആവശ്യമായ പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനും റോഡരികിലെ അനധികൃത പാർക്കിംഗ് നിയന്ത്രിക്കുന്നതിനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





