ന്യൂഡൽഹി: ദീപാവലി ആഘോഷത്തിന്റെ നിറവില്‍ രാജ്യം. ഇന്നാണ് പ്രധാന ദീപാവലി ആഘോഷവും ലക്ഷ്മീപൂജയും. പ്രത്യാശയുടെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം പകരുന്ന ആഘോഷം തിന്മയ്ക്കുമേല്‍ നന്മയും അനീതിക്കുമേല്‍ നീതിയും വിജയിക്കുന്നതിന്റെ പ്രതീകമാണ്. കാര്‍ത്തിക മാസത്തിലെ അമാവാസി തിഥിയുമായി ബന്ധപ്പെട്ടാണ് ഉത്തരേന്ത്യന്‍ പാരമ്പര്യത്തില്‍ ദീപാവലി ആഘോഷിക്കുന്നത്.
2026 നവംബര്‍ 8-ന് ആരംഭിക്കുന്ന അമാവാസി തിഥി നവംബര്‍ 9 ഉച്ചയോടെ അവസാനിക്കുമെന്നാണ് പഞ്ചാംഗ കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രദോഷകാലത്ത് അമാവാസി നിലനില്‍ക്കുന്ന ദിവസത്തെ അടിസ്ഥാനമാക്കിയാണ് പ്രധാന പൂജാദിനം നിശ്ചയിക്കുന്നത്. പഞ്ചാംഗ രീതിയിലും പ്രദേശത്തിലും വ്യത്യാസമനുസരിച്ച് ആചരണത്തീയതികളില്‍ മാറ്റമുണ്ടാകാം.
കേരളത്തില്‍ ഓണം, വിഷു തുടങ്ങിയ ആഘോഷങ്ങള്‍ക്കുള്ളതുപോലെ ദീപാവലിക്കും സാംസ്‌കാരികമായ പ്രാധാന്യമുണ്ട്. എന്നാല്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷരീതികളും വിശ്വാസങ്ങളും വ്യത്യസ്തമാണ്. ഉത്തരേന്ത്യയില്‍ ശ്രീരാമന്റെ അയോധ്യയിലേക്കുള്ള മടക്കത്തിനും ലക്ഷ്മീ പൂജയ്ക്കും പ്രാധാന്യം നല്‍കുമ്പോള്‍ ദക്ഷിണേന്ത്യയിലെ പല പ്രദേശങ്ങളിലും ശ്രീകൃഷ്ണന്റെ നരകാസുരവധമാണ് ആഘോഷത്തിന്റെ പ്രധാന ഐതിഹ്യം.
ദീപാവലിയെ വരവേറ്റ് വീടുകളും ക്ഷേത്രങ്ങളും വ്യാപാരസ്ഥാപനങ്ങളും ദീപങ്ങള്‍, വൈദ്യുത അലങ്കാരങ്ങള്‍, പൂക്കള്‍, രംഗോലി എന്നിവയാൽ മനോഹരമാക്കി. മണ്‍ചെരാതുകളിലും നിലവിളക്കുകളിലും തെളിയുന്ന വിളക്കുകള്‍ ആഘോഷത്തിന് ആത്മീയമായ ഭംഗി പകരും.





