ചെങ്ങന്നൂർ : ശബരിമല തീർത്ഥാടനകാല മുന്നൊരുക്കങ്ങൾ അവലോകനം നടത്താൻ വിളിച്ച യോഗത്തിൽ ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷൻ മുതൽ പ്രധാന കേന്ദ്രങ്ങളിൽ ദിശാസൂചക ബോർഡുകൾ സ്ഥാപിക്കാൻ നിർദേശം. ചിലയിടങ്ങളിൽ പുതിയ ബോർഡുകൾ സ്ഥാപിക്കുകയും കാട് മൂടി കിടക്കുന്ന ബോർഡുകൾ കാണാൻ പാകത്തിൽ പുന:സ്ഥാപിക്കുകയും വേണം.
ക്ഷേത്ര കടവുകളിൽ തീർത്ഥാടകർക്ക് സൗകര്യം ഏർപ്പെടുത്താൻ മണ്ണ് നീക്കം ചെയ്തു വൃത്തിയാക്കാൻ ജലസേചന വകുപ്പിന് നിർദേശം നൽകി. ചെങ്ങന്നൂർ ആർഡിഒ ഓഫീസിൽ ചേർന്ന ശബരിമല മുന്നൊരുക്കം സംബന്ധിച്ച ഉദ്യോഗസ്ഥരുടെ യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി നായർ അധ്യക്ഷത വഹിച്ചു.
ജില്ലാ പോലീസ് സൂപ്രണ്ട് ടി.കെ.വിഷ്ണു പ്രദീപ്, എ.ഡി.എം സി പ്രേംജി, ചെങ്ങന്നൂർ ആർ.ഡി.ഒ ഷീബ മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
ഹോട്ടലുകളിലും മറ്റ് കടകളിലും സാധനങ്ങളുടെ വില നിശ്ചയിച്ചപ്രകാരമാണോ ഈടാക്കുന്നത് എന്ന് പരിശോധിക്കാൻ ചെങ്ങന്നൂർ ആർ.ഡി.ഒ യുടെ നേതൃത്വത്തിൽ സ്‌ക്വാഡുകൾ രൂപീകരിക്കും.
ഹോട്ടലുകളിൽ ശുചിത്വം, ഭക്ഷണത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധിക്കാൻ സ്‌ക്വാഡുകൾ നിശ്ചിത ഇടവേളകളിൽ പരിശോധനകൾ നടത്തും. ജില്ലാ കളക്ടറുടെ നേതൃത്വത്തിലാണ് ഇത് നടപ്പാക്കുക. യോഗത്തിൽ എല്ലാ വകുപ്പുകളുടെയും പ്രവർത്തനങ്ങൾ അവലോകനം നടത്തി.





