കൊല്ലം: വെള്ളിത്തിരയിൽ ജഡായുവിന്റെ വീരവും ത്യാഗവും വീണ്ടും ചർച്ചയാകുമ്പോൾ, ആ ത്യാഗഭൂമിയായ ചടയമംഗലത്തെ ജഡായുപ്പാറയിലേക്കും സന്ദർശകരുടെ ഒഴുക്ക് തുടങ്ങി. രാമായണം സിനിമയുടെ പ്രദർശനത്തിന് പിന്നാലെ ജഡായുവിന്റെ കഥയും ചടയമംഗലത്തിന്റെ ചരിത്രപ്രാധാന്യവും തേടി ഉത്തരേന്ത്യയിൽ നിന്നുൾപ്പെടെ നിരവധി തീർത്ഥാടകരും സഞ്ചാരികളുമാണ് ഇവിടെയെത്തി തുടങ്ങിയത്.
നിതേഷ് തിവാരി സംവിധാനം ചെയ്ത് നമിത് മൽഹോത്ര നിർമിച്ച രാമായണം സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ രംഗങ്ങളിലൊന്നാണ് ജഡായുവും രാവണനും തമ്മിലുള്ള പോരാട്ടം. സീതയെതട്ടിക്കൊണ്ടുപോയി പുഷ്പകവിമാനത്തിൽ ലങ്കയിലേക്ക് പോകുന്ന രാവണനെ ആകാശത്തുവച്ച് ജഡായു തടയുന്നതാണ് രംഗം. പ്രായാധിക്യം വകവയ്‌ക്കാതെ സീതയെ രക്ഷിക്കാൻ രാവണനോട് ഏറ്റുമുട്ടുന്ന ജഡായുവിന്റെ പോരാട്ടം പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടുന്നു.
പുഷ്പകവിമാനത്തിന് കേടുപാടുകൾ വരുത്തി സീതയെ രക്ഷിക്കാൻ ജഡായു ശ്രമിക്കുന്നുണ്ടെങ്കിലും രാവണന്റെ ചന്ദ്രഹാസം എന്ന വാളിനുമുന്നിൽ ഒടുവിൽ പരാജയപ്പെടുന്നു. ചിറകുകൾ അറ്റുവീണജഡായു രാമനോടും ലക്ഷ്മണനോടും സീതയെ രാവണൻ തെക്കുഭാഗത്തേക്ക് ലങ്കയിലേക്ക് കൊണ്ടുപോയ വിവരം അറിയിക്കുന്നു.
തുടർന്ന് രാമന്റെ കൈകളിൽവച്ച് മരിക്കുന്ന ജടായുവിനെ മകനെപ്പോലെ രാമൻ അന്ത്യകർമങ്ങൾ നിർവഹിക്കുന്നതും സിനിമയിലെ വൈകാരിക രംഗങ്ങളിലൊന്നാണ്. സീതയെ വീണ്ടെടുക്കുമെന്നും രാവണനെ വധിക്കുമെന്നും രാമൻ പ്രതിജ്ഞയെടുക്കുന്നതും ഈ ഘട്ടത്തിലാണ്.ജഡായുവിന് ശബ്ദം നൽകിയിരിക്കുന്നത് അനുപം ഖേറാണ്.
യാഷ് രാവണനായും രൺബീർ കപൂർ ശ്രീരാമനായും സായ് പല്ലവി സീതയായും വേഷമിടുന്നു. സണ്ണി ഡിയോൾ ഹനുമാനായും രവി ദുബെ ലക്ഷ്മണനായും എത്തുന്നു. അരുൺ ഗോവിൽ ദശരഥനായും ലാറ ദത്ത കൈകേയിയായും കാജൽ അഗർവാൾ മണ്ഡോദരിയായും രാകുൽ പ്രീത് സിംഗ് ശൂർപ്പണഖയായും അഭിനയിക്കുന്നു. എ.ആർ. റഹ്മാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.
ജഡായുവിന്റെ ത്യാഗകഥയുമായി ബന്ധപ്പെടുത്തി ശ്രദ്ധേയമായ വിനോദസഞ്ചാര കേന്ദ്രമായി മാറിയതാണ് കൊല്ലം ജില്ലയിലെ ചടയമംഗലത്തെ ജഡായുപ്പാറ. പാറമുകളിൽഒരുക്കിയിരിക്കുന്ന ജഡായു ശില്പവും പ്രകൃതിഭംഗിയും ഇവിടത്തെ പ്രധാന ആകർഷണങ്ങളാണ്.
സിനിമയിലെ ജഡായുവിന്റെ പോരാട്ടവും ആകാശത്തുനിന്നുള്ള പതനവുമെല്ലാം ജഡായുപ്പാറയിലെ ശില്പത്തെക്കുറിച്ചുള്ള കൗതുകം വർധിപ്പിക്കുന്നു. വെള്ളിത്തിരയിൽ കണ്ട ജഡായുവിന്റെ ത്യാഗഭൂമി നേരിൽ കാണാനുള്ള ആഗ്രഹമാണ് പലരെയും ചടയമംഗലത്തേക്ക് ആകർഷിക്കുന്നത്.





