പത്തനംതിട്ട: കോഴഞ്ചേരി പുതിയപാലം ഉദ്ഘാടന ചടങ്ങ് നാടിന്റെ ജനകീയ ഉത്സവമായി മാറി. ആയിരക്കണക്കിന് ആളുകളെ സാക്ഷിനിർത്തി പൊതുമരാമത്ത് മന്ത്രി പി കെ ബഷീർ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഉമ്മൻചാണ്ടി സർക്കാരിന്റെ സമയത്ത് ആദ്യഘട്ട പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച പാലം നിർമ്മാണം കഴിഞ്ഞ സർക്കാരിന്റെ കാലത്തും തുടർന്ന് പുതിയ സർക്കാർ അധികാരമേറ്റശേഷവും ബാക്കി പണികൾ പൂർത്തിയാക്കിയതായി മന്ത്രി പറഞ്ഞു.
ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് പ്രധാനം. പത്തനംതിട്ട തീർത്ഥാടന ജില്ലയാണ്. ശബരിമല തീർത്ഥാടനം, വിവിധ കൺവെൻഷൻ തുടങ്ങിയ വലിയ ചടങ്ങുകൾ നടക്കുന്ന ഇവിടെ എത്തുന്ന വിശ്വാസികൾക്കും നാട്ടുകാർക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് മുൻഗണന നൽകും. ശബരിമല പാതയിലെ ചാലക്കയം – പമ്പ റോഡിന്റെ ആധുനിക രീതിയിലുള്ള നവീകരണം ഒരു മാസം കൊണ്ട് പൂർത്തീകരിക്കാൻ കഴിഞ്ഞത് വകുപ്പിന് അഭിമാന നേട്ടമാണ്.
പത്തനംതിട്ട അബാൻ മേൽപ്പാലത്തിന്റെ നിർമ്മാണം 2027 മാർച്ച് 31നകം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തെക്കേ മല- ഇലവുംതിട്ട- അടൂർ റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് 80 ശതമാനം പൂർത്തിയാകുന്ന മുറയ്ക്ക് നിർമ്മാണ പ്രവർത്തനം ആരംഭിക്കുമെന്നും കോഴഞ്ചേരി റിംഗ് റോഡിന്റെ നിർമ്മാണം ഉടൻ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവല്ല കുമ്പഴ റോഡിന്റെ നിർമ്മാണം ഏകദേശം പൂർത്തിയായതായും കോഴഞ്ചേരി പഴയ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
കോഴഞ്ചേരിയുടെ ഏറെ നാളായുള്ള സ്വപ്നമാണ് യാഥാർത്ഥ്യമായതെന്ന് ചടങ്ങിൽ അധ്യക്ഷനായ അബിൻ വർക്കി എംഎൽഎ പറഞ്ഞു. നാടിന്റെ ആവശ്യം നിറവേറ്റാൻ പ്രയത്നിച്ച എല്ലാവർക്കും എംഎൽഎ നന്ദി പറഞ്ഞു. ആന്റോ ആന്റണി എംപി, പഴകുളം മധു എംഎൽഎ, ജില്ലാ കളക്ടർ എ നിസാമുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.





