ശബരിമല : മണ്ഡലമകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ഭക്തർക്ക് സുഗമമായ ദർശനം ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ എല്ലാം തന്നെ നടപ്പാക്കിയിട്ടുള്ളതായി ദേവസ്വം-ആരോഗ്യം വകുപ്പ് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. വെർച്ച്വൽ ക്യൂ വഴി നിലവിൽ 60,000 ബുക്കിങ്ങും സ്‌പോട് ബുക്കിംഗ് വഴി 14,000 ത്തിനുമാണ് ഇപ്പോൾ അനുമതിയുള്ളത്.
എന്നാൽ ഭക്തരുടെ തിരക്ക് വർധിക്കുന്ന വരും ദിവസങ്ങളിൽ കോടതിയുടെ കൂടി അനുമതിയോടെ ഇത് വർധിപ്പിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കും. ശബരിമല സന്നിധാനത്ത് ചൊവ്വാഴ്ച രാവിലെ ചേർന്ന ഉദ്യോഗസ്ഥരുടെയും ദേവസ്വംബോർഡ് ജീവനക്കാരുടെയും പോലീസിന്റെയും അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി മുരളീധരൻ.
അപ്പം -അരവണ പ്രസാദങ്ങൾ നിലവിൽ ആവശ്യത്തിനുള്ള സ്റ്റോക്ക് ഉണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ശുചീകരണ തൊഴിലാളികളുടെ സേവനം എല്ലായിടങ്ങളിലും ഉറപ്പാക്കി.ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ സുഗമമായ തീർത്ഥാടനത്തിനായി സ്വാസ്ഥ്യം ശരണം പദ്ധതി നടപ്പാക്കിവരുന്നു. തടസ്സ രഹിതമായ ജലം ,വൈദ്യുതി എന്നിവ ഉറപ്പാക്കാൻ ഉദ്യോഗസ്ഥരോട് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്. ഏതെങ്കിലും വിധത്തിൽ തടസങ്ങൾ മനപ്പൂർവം ആരെങ്കിലും സൃഷ്ടിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു .





