പത്തനംതിട്ട : കേരളത്തെ നടുക്കിയ ഇലന്തൂർ ഇരട്ട നരബലിക്കേസിൽ ഫെബ്രുവരിയോടെ വിധി ഉണ്ടായേക്കുമെന്ന് സൂചന. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണ നടപടികൾ അന്തിമഘട്ടത്തിലേക്ക് കടന്നതോടെയാണ് കേസിൽ നിർണായകമായ വിധി പ്രതീക്ഷിക്കുന്നത്. കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ ഭാര്യ നൽകിയ നിർണായക മൊഴി പ്രോസിക്യൂഷന് കൂടുതൽ കരുത്തുപകരുമെന്നാണ് വിലയിരുത്തൽ.
2022 ഒക്ടോബറിൽ പുറത്തുവന്ന ഇലന്തൂർ ഇരട്ട നരബലി കേരളത്തെ മാത്രമല്ല, രാജ്യത്തെയാകെ ഞെട്ടിച്ച സംഭവമായിരുന്നു. സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും നേടുന്നതിനായി ആഭിചാരക്രിയകളുടെ ഭാഗമായി രണ്ട് സ്ത്രീകളെ ക്രൂരമായി കൊലപ്പെടുത്തി നരബലി നടത്തിയെന്നാണ് കേസ്. തമിഴ്നാട് സ്വദേശിനി പത്മ, ആലപ്പുഴ സ്വദേശിനി റോസ്ലി എന്നിവരാണ് കൊലചെയ്യപ്പെട്ടത്.
കേസിലെ ഒന്നാം പ്രതി മുഹമ്മദ് ഷാഫിയുടെ ഭാര്യ നബീസ നൽകിയ മൊഴിയാണ് ഇപ്പോൾ വീണ്ടും നിർണായകമായിരിക്കുന്നത്. ഷാഫി തന്റെ ഫോൺ ഉപയോഗിച്ച് കേസിലെ മറ്റു പ്രതികളായ ഭഗവത്സിംഗിനെയും ലൈലയെയും നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇലന്തൂരിലേക്ക് കുടുംബത്തെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നതായും നബീസ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
ഷാഫി ഉപയോഗിച്ചിരുന്ന ഫോൺ താൻ നശിപ്പിച്ചതായും അവർ അന്വേഷണസംഘത്തോട് വ്യക്തമാക്കിയിരുന്നു. ഈ വെളിപ്പെടുത്തലുകൾ കേസിലെ ഗൂഢാലോചനയും പ്രതികൾ തമ്മിലുള്ള ബന്ധവും അന്വേഷണത്തിന് ബലവേകുന്നതായിരുന്നു.
കേസിൽ പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫിയാണ് ഒന്നാം പ്രതി. ഇലന്തൂർ സ്വദേശിയായ നാട്ടുവൈദ്യൻ ഭഗവൽസിംഗ് രണ്ടാം പ്രതിയും ഭാര്യ ലൈല മൂന്നാം പ്രതിയുമാണ്. സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പത്മയെയും റോസ്ലിയെയും ഇലന്തൂരിലെത്തിച്ച ശേഷം ആഭിചാരപൂജകളുടെ ഭാഗമായി കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.
2022 ജൂൺ ഏഴിനാണ് റോസ്ലിയെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തിലുള്ളത്. സെപ്റ്റംബർ 26ന് പത്മയെയും കൊലപ്പെടുത്തി. മൃതദേഹങ്ങൾ വെട്ടിമുറിച്ച് ഭഗവൽസിംഗിന്റെ വീടിന് സമീപം കുഴിച്ചിട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
2026 മാർച്ചിലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. കൊല്ലപ്പെട്ട പത്മയുടെ സഹോദരി പഴനിയമ്മ ഉൾപ്പെടെയുള്ളവരുടെ സാക്ഷിമൊഴികൾ കേസിൽ നിർണായകമായി. കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.





