മലപ്പുറം : ഓൺലൈനിൽ നിന്ന് വാങ്ങിയ ഫെയർനസ് ക്രീം ഒരു വർഷത്തോളം ഉപയോഗിച്ച 17കാരിക്ക് ഗുരുതര വൃക്കരോഗം.ക്രീമിലെ അമിത മെർക്കുറി കാരണം ശരീരത്തിൽ നിന്ന് പ്രോട്ടീൻ നഷ്ടമാകുന്ന മെമ്പ്രനസ് നെഫ്രോപ്പതി എന്ന രോഗം പെൺകുട്ടിയിൽ സ്ഥിരീകരിച്ചു.വിദഗ്ധപരിശോധനയിൽ പെൺകുട്ടി ഉപയോഗിച്ച ക്രീമിൽ മെർക്കുറിയുടെ അമിതസാന്നിധ്യം കണ്ടെത്തി.
ചർമ്മത്തിലെ പാടുകൾ മാറുമെന്നും നിറം വർധിക്കുമെന്നും അവകാശപ്പെട്ട പ്രകൃതിദത്ത ചേരുവകളാണെന്നു പറഞ്ഞ് വിൽപനയ്ക്കുവെച്ചിരുന്ന ഉൽപന്നം ഒരു വർഷത്തോളം പെൺകുട്ടി ഉപയോഗിച്ചിരുന്നു.മുഖത്തും കാലുകളിലും നീര്,ക്ഷീണം, രക്തസമ്മർദം കുറയുക, തലകറങ്ങി വീഴുക, ഉറക്കക്കുറവ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി. മെർക്കുറി അമിതമായതിനാൽ മൂത്രത്തിലൂടെ പ്രോട്ടീൻ നഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു. ആശുപത്രിയിലെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തിൽ മെർക്കുറിയുടെ സാന്നിധ്യം കണ്ടെത്തിയത്.





