തിരുവല്ല : മഴ പെയ്താൽ വെള്ളക്കെട്ട് രൂപപ്പെടുന്നതിനാൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിൽ യാത്രക്കാർ ദുരിതത്തിൽ. ടെർമിനലിനുള്ളിൽ വെള്ളം കെട്ടിനിൽക്കുന്നത് ബസ് കാത്തുനിൽക്കുന്നവർക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. യാത്രക്കാരുടെ സഞ്ചാരത്തിനും ബസുകളുടെ വരവ്, പുറപ്പെടൽ എന്നിവയ്ക്കും വെള്ളക്കെട്ട് തടസ്സമാകുന്ന സാഹചര്യമാണുള്ളത്.
ടെർമിനൽ യാർഡിലെ ഇന്റർലോക്ക് കട്ടകൾ പല സ്ഥലങ്ങളിലും ഇളകി കുഴികൾ രൂപപ്പെട്ടതും വെള്ളം ഒഴുകിപ്പോകാനുള്ള ഓടകളിൽ മണ്ണും മാലിന്യവും അടിഞ്ഞുകൂടിയതുമാണ് വെള്ളക്കെട്ടിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാത്തതിനാൽ ചെറിയ മഴയിൽപ്പോലും യാർഡ് വെള്ളത്തിൽ മുങ്ങുന്ന സ്ഥിതിയാണ്.
വെള്ളക്കെട്ട് രൂക്ഷമാകുമ്പോൾ ബസുകൾ ടെർമിനലിനുള്ളിലേക്ക് പ്രവേശിക്കുന്നതിനും യാത്രക്കാരെ കയറ്റിയിറക്കുന്നതിനും തടസ്സം നേരിടുന്നു. ഇതുമൂലം ചിലപ്പോൾ ബസുകൾ റോഡരികിൽ നിർത്തേണ്ടിവരുന്നതും പുറത്തെ റോഡിൽ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
പ്രശ്നത്തിന് പരിഹാരമായി നേരത്തെ ഡിപ്പോ അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. യാർഡിലെ കുഴികൾ നികത്തി പുതിയ ഇന്റർലോക്ക് കട്ടകൾ സ്ഥാപിക്കുകയും ഓടകൾ വൃത്തിയാക്കുകയും ചെയ്തെങ്കിലും ശക്തമായ മഴയിൽ വെള്ളക്കെട്ട് വീണ്ടും ആവർത്തിക്കുകയാണ്.
താത്കാലിക അറ്റകുറ്റപ്പണികൾക്കുപകരം മഴവെള്ളം തടസ്സമില്ലാതെ ഒഴുകിപ്പോകുന്നതിനുള്ള ശാശ്വത സംവിധാനം ഒരുക്കണമെന്നാണ് യാത്രക്കാരുടെയും ജീവനക്കാരുടെയും ആവശ്യം. അധികൃതർ അടിയന്തരമായി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യവും ശക്തമാണ്.





