തിരുവനന്തപുരം : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ പ്രതാപൻ. എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ഏജൻസിക്കും പരാതി എഴുതി കൊടുക്കാത്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിളിക്കാത്ത ചടങ്ങിൽ പങ്കെടുത്ത് ഗുരുതരമായ ആരോപണത്തിന്റെ ധ്വനി തൊടുത്തു വിടുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ് പുറത്തു വിടാമെന്നാണ് അവർ പറഞ്ഞു വെച്ചത്. തനിക്ക് വേണ്ടപ്പെട്ട മുതലാളിക്ക് അയാളുടെ വഴിവിട്ട ആവശ്യം നേടിക്കൊടുക്കാൻ കഴിയാത്തതിന്റെ ഈർഷയാണ് അവരുടെ വാക്കുകളിലൂടെ വെളിവായത്.
തനിക്കധികാരമില്ലാത്ത വിഷയത്തിൽ അനധികൃതമായി ഇടപെടുകയും നിയമപരമായി വിഷയം കൈകാര്യം ചെയ്ത ഉദ്യേഗസ്ഥനെതിരെ അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് അദ്ദേഹത്തെ മാനസികമായി തളർത്തുകയുമായിരുന്നു. അതിന്റെ ആഘാതത്തിൽ സ്വന്തം ജീവൻ തന്നെ ബലികൊടുക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി തുറങ്കിലടക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ അധ്യക്ഷത വഹിച്ചു.