പത്തനംതിട്ട: കാലാവസ്ഥാ വ്യതിയാനങ്ങളും അന്തരീക്ഷത്തിലെ മാറ്റങ്ങളും ശാസ്ത്രീയമായി നിരീക്ഷിച്ച് പഠിക്കുന്നതിനായി കാതോലിക്കേറ്റ് കോളജിൽ അത്യാധുനിക അന്തരീക്ഷ ഗവേഷണ നിരീക്ഷണ കേന്ദ്രം ആരംഭിക്കുന്നു.
ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രമായ (NCESS) നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെയും കാതോലിക്കേറ്റ് കോളജിന്റെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
‘സെന്റ് ബേസിൽ ഹിൽസ് അറ്റ്മോസ്ഫെറിക് റിസർച്ച് ഒബ്സർവേറ്ററി’ എന്ന പേരിലാണ് കേന്ദ്രം സ്ഥാപിക്കുന്നത്. കേന്ദ്രസർക്കാരിന്റെ മിഷൻ മൗസം പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണ സംവിധാനം ഒരുക്കുന്നത്.
പദ്ധതിക്കായി NCESS ഏകദേശം 1.60 കോടി രൂപ ചെലവഴിക്കും. കോളജ് അധികൃതരാണ് കേന്ദ്രത്തിനാവശ്യമായ സ്ഥലം നൽകുന്നത് അന്തരീക്ഷത്തിലെ വിവിധ ഘടകങ്ങൾ തുടർച്ചയായി നിരീക്ഷിക്കുന്നതിനുള്ള ആധുനിക സംവിധാനങ്ങൾ കേന്ദ്രത്തിൽ സ്ഥാപിക്കും. ഇതുവഴി പത്തനംതിട്ടയിലെ പ്രാദേശിക കാലാവസ്ഥാ സാഹചര്യങ്ങൾ, അന്തരീക്ഷത്തിലെ മാറ്റങ്ങൾ, കാലാവസ്ഥാ വ്യതിയാനങ്ങളുടെ സ്വഭാവം തുടങ്ങിയവയെക്കുറിച്ച് കൂടുതൽ ശാസ്ത്രീയമായ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കും.
പ്രളയവും അതിതീവ്ര കാലാവസ്ഥയും മുൻകൂട്ടി വിലയിരുത്താൻ
പ്രത്യേകിച്ച് അതിതീവ്ര മഴ, പ്രളയം തുടങ്ങിയ കാലാവസ്ഥാ പ്രതിഭാസങ്ങളുമായി ബന്ധപ്പെട്ട അന്തരീക്ഷ സാഹചര്യങ്ങൾ പഠിക്കുന്നതിൽ നിരീക്ഷണ കേന്ദ്രത്തിന് പ്രാധാന്യമുണ്ടാകും. ശേഖരിക്കുന്ന വിവരങ്ങൾ കാലാവസ്ഥാ മാതൃകകൾ മനസ്സിലാക്കുന്നതിനും ഇത്തരം സംഭവങ്ങളുടെ അപകടസാധ്യത നേരത്തേ വിലയിരുത്തുന്നതിനും സഹായകരമാകുമെന്നാണ് പ്രതീക്ഷ.
പത്തനംതിട്ട പോലുള്ള മലയോരവും നദീതടങ്ങളും ഉൾപ്പെടുന്ന ജില്ലയിൽ ഇത്തരം ശാസ്ത്രീയ നിരീക്ഷണ സംവിധാനത്തിന് പ്രാദേശിക പ്രാധാന്യവും ഏറെയാണ്. മഴയുടെ സ്വഭാവത്തിലും തീവ്രതയിലും ഉണ്ടാകുന്ന മാറ്റങ്ങൾ, അന്തരീക്ഷത്തിലെ വ്യതിയാനങ്ങൾ എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ പഠിക്കാൻ ഇവിടെനിന്നുള്ള വിവരങ്ങൾ ഉപയോഗപ്പെടുത്താനാകും.
ഗവേഷണ പ്രവർത്തനങ്ങൾക്കൊപ്പം കോളജിലെ വിദ്യാർഥികളിൽ അന്തരീക്ഷ ശാസ്ത്രത്തോടും കാലാവസ്ഥാ പഠനത്തോടും താൽപര്യം വളർത്താനും കേന്ദ്രം ലക്ഷ്യമിടുന്നു. അധ്യാപകർക്കും വിദ്യാർഥികൾക്കും ഗവേഷണ പ്രവർത്തനങ്ങളുമായി കൂടുതൽ അടുത്ത് ഇടപെടാൻ ഇതിലൂടെ അവസരം ലഭിക്കും. പൊതുസമൂഹത്തിനും അന്തരീക്ഷ ശാസ്ത്രത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും കേന്ദ്രം പ്രയോജനപ്പെടുമെന്നാണ് കോളജ് അധികൃതരുടെ പ്രതീക്ഷ.





