റാന്നി: തിരുവാഭരണപാതയിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനായി കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധി നടപ്പാക്കുന്നതിൽ ഉണ്ടായിട്ടുള്ള കാലതാമസം അവസാനിപ്പിക്കണമെന്നും, ശബരിമല തീർത്ഥാടനകാല ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്നും തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടു.
തിരുവാഭരണ പാത സംരക്ഷണ സമിതി സമർപ്പിച്ച കേസുകളിൽ 2022 ഒക്ടോബർ 19-ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് വിധി പ്രസ്താവിച്ചിരുന്നു. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
തിരുവാഭരണപാതയിലെ കയ്യേറ്റങ്ങൾ സംബന്ധിച്ച നിയമനടപടികൾക്ക് വിധിയിൽ നൽകിയ നിർദ്ദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ടെന്ന് സമിതി ചൂണ്ടിക്കാട്ടി. വിധി വന്നിട്ട് ഏകദേശം നാലു വർഷത്തോട് അടുക്കുമ്പോഴും നടപടി പൂർണമായോ ഫലപ്രദമായോ നടപ്പായിട്ടില്ലെന്ന ആശങ്കയാണ് സമിതിക്കുള്ളത്. ഇതുസംബന്ധിച്ച് ജില്ലാ കളക്ടർക്ക് രണ്ട് കത്തുകൾ നൽകിയിട്ടുണ്ട്.
രണ്ടാമത്തെ കത്തിൽ 15 ദിവസത്തിനകം നടപടി പൂർത്തിയാക്കണമെന്നും, അല്ലാത്തപക്ഷം വീണ്ടും കോടതിയെ സമീപിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ തൃപ്തികരമായ നടപടി ഉണ്ടായിട്ടില്ലെന്ന് പ്രസാദ് കുഴികാല പറഞ്ഞു.
ശബരിമല പ്രസാദവിതരണവും തീർത്ഥാടന ഒരുക്കങ്ങളും
ശബരിമലയിലെ മാസപൂജാ സമയത്ത് അപ്പം, അരവണ തുടങ്ങിയ പ്രസാദങ്ങളുടെ ലഭ്യതയും നിർമ്മാണ-വിതരണ സംവിധാനവും സംബന്ധിച്ച് ഭക്തജനങ്ങളിൽ ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ദേവസ്വം ബോർഡ് ആവശ്യമായ മുന്നൊരുക്കങ്ങൾ ഉറപ്പാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.





