ആലപ്പുഴ: ജില്ലയിലെ വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ.ഡി സജിത് ബാബു വിവിധ വില്ലേജ് ഓഫീസുകളിൽ സന്ദർശനം നടത്തി.
സംസ്ഥാന വ്യാപകമായി നടക്കുന്ന വോട്ടർപട്ടിക പുതുക്കൽ പ്രത്യേക ഡ്രൈവിന്റെ ഭാഗമായി വില്ലേജ് ഓഫീസുകളിൽ സജ്ജമാക്കിയ വോട്ടർ സഹായ കേന്ദ്രങ്ങളുടെ പ്രവർത്തനം വിലയിരുത്തുന്നതിനായിരുന്നു സന്ദർശനം. നിലവിലെ പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തുകയും തുടർനടപടികൾ ഊർജ്ജിതമാക്കാനും അദ്ദേഹം നിർദ്ദേശം നൽകി.
കായംകുളം, പുന്നപ്ര,പട്ടണക്കാട് വില്ലേജ് ഓഫീസുകളാണ് സന്ദർശിച്ചത്.
വില്ലേജ് തലങ്ങളിൽ വോട്ടർപട്ടികയിലെ നില പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തുന്നതിനായി ഒക്ടോബർ 31വരെ ഇ ആർ ഒമാരുടെ നേതൃത്വത്തിൽ ബി എൽ ഒമാരെയും ബി എൽ എമാരുടെയും ഏകോപനത്തോടെ ഡിജിറ്റൽ ഹെൽപ്പ് ഡെസ്കുകളുടെ പ്രവർത്തനം ഉറപ്പാക്കിയിട്ടുണ്ട്.
പുതിയ വോട്ടർമാരെ കണ്ടെത്തി രജിസ്റ്റർ ചെയ്യാൻ നവംബർ 2 മുതൽ 7 വരെ ജില്ലയിലെ സ്കൂളുകളിലും കോളേജുകളിലും ഇലക്ടോറൽ ലിറ്ററസി ക്ലബ്ബുകളുടെ (ഇ എൽ സി) നേതൃത്വത്തിൽ ‘ക്യാമ്പസ് ടു ബൂത്ത്’ ക്യാമ്പയിനും സംഘടിപ്പിക്കും. ഇതിന് മുന്നോടിയായി ഒക്ടോബർ 24-നകം ഇ എൽ സികൾ രൂപീകരിക്കുകയും, തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് ഒക്ടോബർ 26 മുതൽ 30 വരെയുള്ള തീയതികളിൽ വോട്ടർ രജിസ്ട്രേഷൻ സംബന്ധിച്ച് പ്രത്യേക പരിശീലനം നൽകുമെന്നും ഉദ്യോഗസ്ഥർ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറെ അറിയിച്ചു.





