കോഴിക്കോട്: ദേശീയ താത്പര്യമുള്ള വിഷയങ്ങളില്‍ രാഷ്ട്രീയ ഭിന്നതകള്‍ പാടില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍. താന്‍ ഭാഗമായ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പാര്‍ട്ടിയുടെ പ്രഖ്യാപിത നിലപാടുകള്‍ ഒരിക്കലും ലംഘിച്ചിട്ടില്ലെന്നും തരൂര്‍ പ്രതികരിച്ചു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററി ഫെസ്റ്റിവെല്ലിലെ സെഷനില്‍ ആണ് തരൂര്‍ നിലപാട് വ്യക്തമാക്കിയത്.
അധാര്‍മ്മികമായ പ്രവൃത്തികള്‍ക്ക് രാജ്യം കനത്ത തിരിച്ചടി നല്‍കണം എന്ന് വ്യക്തമാക്കുന്നതായിരുന്നു പഹല്‍ഗാം വിഷയം പരാമര്‍ശിച്ചുകൊണ്ടുള്ള ലേഖനത്തില്‍ താന്‍ പറഞ്ഞത്. മെച്ചപ്പെട്ട ഇന്ത്യ കെട്ടിപ്പടുക്കുന്നതിനുള്ള പ്രക്രിയയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാം, പക്ഷേ ദേശീയ താല്‍പ്പര്യം സംബന്ധിച്ച വിഷയങ്ങളില്‍ ഈ ഭിന്നതയ്ക്ക് അപ്പുറത്തുള്ള കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്, എന്നും തരൂര്‍ പറഞ്ഞു.
ഇന്ത്യയുടെ സുരക്ഷയും ലോകത്ത് സ്ഥാനവും പരിഗണിക്കപ്പെടുമ്പോള്‍ രാജ്യ താത്പര്യമാണ് ആദ്യം പരിഗണിക്കപ്പെടുന്നത്. ഇന്ത്യ വികസനത്തിലാണ് ശ്രദ്ധയൂന്നേണ്ടത്. പാകിസ്ഥാനുമായുള്ള സംഘര്‍ഷങ്ങളിലല്ല. തീവ്രവാദ ക്യാംപുകള്‍ ലക്ഷ്യമിട്ടുള്ള സൈനിക നീക്കങ്ങളില്‍ ഇത്തരം പ്രതിരോധങ്ങള്‍ അവസാനിക്കണം എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു. ഒരിടവേളയ്ക്ക് ശേഷം കോണ്‍ഗ്രസ് നേതൃത്വവുമായി വീണ്ടും ഇടയുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് തരൂര്‍ മുന്‍ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ടുള്ള പ്രതികരണം നടത്തിയത്.






