പത്തനംതിട്ട: ശബരിമല സ്വർണാപഹരണക്കേസിൽ എസ്ഐടി ഹൈക്കോടതിയിൽ ഇന്ന് റിപ്പോർട്ട് നൽകും.നഷ്‌ടമായ സ്വർണത്തിൻ്റെ അളവ് റിപ്പോർട്ടിൽ രേഖപ്പെടുത്തും. ഏറ്റവും ഒടുവിൽ പ്രഭാ മണ്ഡലത്തിലും കട്ടിളപ്പാളിയിലും നടത്തിയ പരിശോധനയുടെ വിവരങ്ങളും പരാമർശിക്കും.
സന്നിധാനത്തെ സ്വർണപ്പാളികളിൽ നിന്ന് സ്വർണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന് ജംഷഡ്പുർ നാഷണൽ മെറ്റലർജിക്കൽ ലാബിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. എത്രമാത്രം സ്വർണം നഷ്‌ടപ്പെട്ടിട്ടുണ്ടെന്ന വിവരവും റിപ്പോർട്ടിൽ സൂചിപ്പിക്കാൻ സാധ്യതയുണ്ട്.
ശബരിമലയിൽ നിന്ന് ദ്വാരപാലാശിൽപം, കട്ടിളപ്പാളി എന്നിവയിലെ സ്വർണം ചെന്നൈ സ്‌മാർട്ട് ക്രിയേഷൻസിൽ എത്തിച്ചു വേർതിരിച്ചെടുത്തു എന്നാണ് കേസ്. 12 പേരാണ് കേസിൽ പ്രതികളായുള്ളത്.





