എടത്വ : എടത്വായില്‍ തെരുവ് നായ് ശല്യം രൂക്ഷമാകുന്നു. നായയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റ രണ്ട് സ്ത്രീകൾ ആശുപത്രിയിൽ. തലവടി കളങ്ങര വീട്ടിൽ കുളങ്ങര പെയിന്റ് ഹൗസ് ഉടമ തോമസ് വർക്കിയുടെ ഭാര്യ മുൻ അദ്ധ്യാപിക ബീനാമ്മ എൽ , പാണ്ടങ്കരി കവലയ്ക്കൽ സിജിമോൾ എന്നിവരാണ് വീണ് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്.
എടത്വയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ് ശല്യം രൂക്ഷമായ സാഹചര്യത്തില്‍ അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് എടത്വ വികസന സമിതി പല തവണ അധികൃതരോട് ആവശ്യപെട്ടിട്ടുള്ളതാണ്. സെൻസസ് ഡ്യൂട്ടിക്കിടയിൽ കണ്ടങ്കരി പ്രദേശത്ത് വിവര ശേഖരണത്തിന് പോയ അധ്യാപികയെ നായ് കൂട്ടം ആക്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി ചികിത്സ തേടിയതിന് ശേഷമാണ് ജോലി തുടർന്നത്.
ചില മാസങ്ങൾക്ക് മുമ്പ് തലവടി കുന്തിരിക്കൽ വാലയിൽ ക്ഷീര കർഷകൻ വി.ഇ.ഈപ്പന്റെ പശു കിടാവിനെ നായ് കടിച്ചു കൊന്നിരുന്നു. ചില ആഴ്ചകൾക്ക് മുമ്പ് നായ് കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരനായ വാലയിൽ സാം മാത്യു അപകടത്തിൽപെട്ട് പരുക്കേറ്റ് ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. എടത്വ കളങ്ങര പെയിന്റ് ഹൗസിലെ ജീവനക്കാരനും സമാനരീതിയിൽ അപകടത്തിൽപെട്ടിരുന്നു. ഈ പ്രശ്നത്തിന് ശാശ്വാത പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.





