പത്തനംതിട്ട: ആരോഗ്യമുള്ള യുവതലമുറയെ സൃഷ്ടിക്കുകയാണ് സമൂഹത്തിൻറെ ലക്ഷ്യമെന്ന് പഴകുളം മധു എംഎൽഎ. ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ആരോഗ്യ കേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ റാന്നി സെന്റ് തോമസ് കോളജിൽ സംഘടിപ്പിച്ച ലോക ജനസംഖ്യ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആധുനിക കാലത്തിന് ആവശ്യമായ തൊഴിൽ നൈപുണ്യം വിദ്യാർഥികൾ നേടണമെന്നും എംഎൽഎ പറഞ്ഞു.
ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോണിയ മനോജ് അധ്യക്ഷയായി. ആരോഗ്യ കേരളം ജില്ല പ്രോഗ്രാം മാനേജർ ഡോ. ജിനു ജി തോമസ് ദിനാചരണ സന്ദേശം നൽകി. “പ്രസവങ്ങൾ തമ്മിൽ മതിയായ ഇടവേള- അമ്മയുടെയും കുഞ്ഞിനെയും ആരോഗ്യത്തിനും ക്ഷേമത്തിനും” എന്നതാണ് കേരളത്തിൽ ഈ വർഷത്തെ പ്രമേയം. കുടുംബാസൂത്രണ മാർഗ്ഗങ്ങൾ പ്രോത്സാഹിപ്പിച്ച് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം മെച്ചപ്പെടുത്തുന്ന പദ്ധതികളാണ് ആരോഗ്യവകുപ്പ് നടപ്പാക്കുന്നത്. പരിപാടിയുടെ ഭാഗമായി ജൂലൈ 11 മുതൽ 18 വരെ ജില്ലാതല ബോധവൽക്കരണo നടത്തും.





