തിരുവനന്തപുരം : സവാള വിലവർധനയിൽ ഇടപെടലുമായി സംസ്ഥാന സർക്കാർ.വിപണിയെ അതിന്റെ വഴിക്ക് വിടില്ലെന്നും ക്രമാതീതമായ വിലവർധന നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ ഇടപെടലുകളും സർക്കാർ നടത്തുമെന്നും കൃഷിവകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് വ്യക്തമാക്കി.നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമേഴ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (എൻ.സി.സി.എഫ്.) വഴി 100 ടൺ സവാള സംഭരിച്ച് വിപണിയിലെത്തിക്കും.
ആദ്യഘട്ടമായി 30 ടൺ സവാളയ്ക്കുള്ള ഓർഡർ നൽകിക്കഴിഞ്ഞു. സംഭരിക്കുന്ന സവാള ഹോർട്ടികോർപ്പിന്റെയും സപ്ലൈകോയുടെയും ഔട്ട്ലെറ്റുകൾ വഴി കിലോയ്ക്ക് 35 നിരക്കിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും വാർത്താസമ്മേളനത്തിൽ മന്ത്രി അറിയിച്ചു. നാസിക്, കർണാടക ഉൾപ്പെടെയുള്ള പ്രധാന ഉൽപാദന കേന്ദ്രങ്ങളിലെ വിലവർധന, മൊത്തവ്യാപാരികളുടെ സംഭരണം, കർഷകരിൽ നിന്ന് ആവശ്യത്തിന് സവാള വിപണിയിലെത്താത്ത സാഹചര്യം എന്നിവ നിലവിലെ വിലവർധനയ്ക്ക് കാരണമായതായി മന്ത്രി പറഞ്ഞു.





