കോഴഞ്ചേരി: ജില്ലയിൽ സവാള വില കുതിച്ചുയരുന്നു. പൊതുവിപണിയിൽ ഏതാനും ദിവസങ്ങൾ കൊണ്ട് ഇരട്ടിയോളം വർദ്ധിച്ച സവാള വില സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കുകയാണ്. കഴിഞ്ഞ ആഴ്ച വരെ 40 മുതൽ 50 രൂപ വരെയായിരുന്ന ഉയർന്ന ഇനം സവാളയ്ക്ക് ഇപ്പോൾ പലയിടത്തും 80 മുതൽ 90 രൂപ വരെയാണ് ഈടാക്കുന്നത്. ചില്ലറ വിപണിയിൽ വരും ദിവസങ്ങളിൽ വില 100 രൂപ കടന്നേക്കുമെന്നാണ് കച്ചവടക്കാർ നൽകുന്ന സൂചന.
പ്രധാന ഉൽപ്പാദന കേന്ദ്രങ്ങളായ മഹാരാഷ്ട്ര, കർണാടക എന്നിവിടങ്ങളിൽ പെയ്ത കനത്ത മഴ വൻതോതിൽ ഉള്ളി കൃഷിയെ ബാധിച്ചതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. വിളവെടുപ്പ് സീസണിൽ പെയ്ത മഴ കാരണം വലിയ തോതിൽ ഉള്ളി ചീഞ്ഞുപോവുകയും വിപണിയിലേക്കുള്ള വരവ് പകുതിയായി കുറയുകയും ചെയ്തു. നാസിക് ഉൾപ്പെടെയുള്ള പ്രമുഖ ഹോൾസെയിൽ കേന്ദ്രങ്ങളിൽ നിന്ന് തന്നെ ഉയർന്ന വിലയ്ക്കാണ് വ്യാപാരികൾ സവാള എത്തിക്കുന്നത്.
ഇറക്കുമതി വർദ്ധിപ്പിക്കാനോ പൊതുവിതരണ ശൃംഖല വഴി കുറഞ്ഞ നിരക്കിൽ സവാള വിതരണം ചെയ്യാനോ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. സവാളയ്ക്ക് പുറമേ ചെറിയ ഉള്ളി, തക്കാളി തുടങ്ങിയ അടുക്കള സാധനങ്ങൾക്കും വില ഉയർന്നത് ജനങ്ങളെ കൂടുതൽ ദുരിതത്തിലാക്കുന്നുണ്ട്.





