ന്യൂഡൽഹി: രാജ്യത്ത് സെപ്റ്റംബർ അവസാന വാരത്തിൽ തുടർച്ചയായി അഞ്ച് ദിവസം ബാങ്ക് സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യത. ബാങ്ക് പ്രവൃത്തിദിനം ആഴ്ചയിൽ 5 ദിവസമാക്കുക, വിവേചനപരമായ ഇൻസെന്റീവ് സ്കീം പിൻവലിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെ യൂണിയനുകൾ സെപ്റ്റംബർ 28, 29, 30 (തിങ്കൾ, ചൊവ്വ, ബുധൻ) തീയതികളിൽ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്ത പശ്ചാത്തലത്തിലാണ് ഇത്.
തൊട്ടുമുൻപുള്ള ശനിയും ഞായറുമടക്കം അഞ്ച് ദിവസം ബാങ്കുകൾ തുടർച്ചയായി അടഞ്ഞുകിടക്കുന്നതോടെ രാജ്യത്തെ സാമ്പത്തിക ഇടപാടുകളെയും സാധാരണക്കാരെയും ഇത് സാരമായി ബാധിക്കും. എന്നാൽ പണിമുടക്കുകളിലൂടെ ഗുണകരമായി ഒന്നും നേടാനില്ലെന്നും സമരാഹ്വാനത്തിൽ നിന്ന് ജീവനക്കാർ അടിയന്തരമായി പിന്മാറണമെന്നും കേന്ദ്ര ധനമന്ത്രാലയം അഭ്യർത്ഥിച്ചു. പണിമുടക്കിന് മുന്നോടിയായി പൊതുമേഖലാ ബാങ്ക് മേധാവികളുടെ പ്രത്യേക യോഗം ധനമന്ത്രാലയം വിളിച്ചുചേർത്തു.
ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കാതിരിക്കാൻ ബാങ്ക് മാനേജ്‌മെന്റുകൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം നൽകി. ജോലി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കാനും നിർദ്ദേശമുണ്ടെന്ന് യൂണിയൻ നേതാക്കൾ വ്യക്തമാക്കി.





