പത്തനംതിട്ട : പുനലൂർ–മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പുനലൂർ മുതൽ റാന്നി വരെയുള്ള വിവിധ ഭാഗങ്ങളിൽ റോഡരികിലെ വഴിവിളക്കുകളുടെ ഫ്യൂസ് സാമൂഹികവിരുദ്ധർ ഊരിമാറ്റുന്നതായി പരാതി. വഴിവിളക്കുകൾ പ്രവർത്തനരഹിതമാകുന്നതോടെ രാത്രികാല യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും സുരക്ഷാഭീഷണി ഉയരുന്നതായാണ് നാട്ടുകാരുടെ ആശങ്ക.
കെ എസ് ടിപി അധികതർ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് ഫ്യൂസ് ഊരി മാറ്റിയത് ശ്രദ്ധയിൽപ്പെട്ടത്. മോഷണം പോലുള്ള സാമൂഹിക വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നു.സംസ്ഥാനപാതയിലെ പ്രധാന ജങ്ഷനുകളിലും ജനവാസകേന്ദ്രങ്ങളോടു ചേർന്ന ഭാഗങ്ങളിലും രാത്രികാല വെളിച്ചം യാത്രാസുരക്ഷയ്ക്ക് നിർണായകമാണ്. വഴിവിളക്കുകൾ കത്താതാകുന്നതോടെ റോഡിലെ കുഴികളും വളവുകളും മറ്റ് തടസ്സങ്ങളും തിരിച്ചറിയാൻ വാഹനയാത്രക്കാർ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകാം.
ഇരുചക്രവാഹന യാത്രക്കാരും കാൽനടയാത്രക്കാരുമാണ് ഇതുമൂലം കൂടുതൽ ദുരിതത്തിലാകുന്നത്.വഴിവിളക്കുകളുടെ ഫ്യൂസ് ഊരിമാറ്റുന്നതിന് പിന്നിൽ സാമൂഹികവിരുദ്ധരുടെ ഇടപെടലുണ്ടെന്ന പരാതിയിൽ ബന്ധപ്പെട്ട അധികൃതർ പരിശോധന നടത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള വൈദ്യുതിവിളക്കുകൾ നശിപ്പിക്കുകയോ അവയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് പൊതുജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്നതിനൊപ്പം അറ്റകുറ്റപ്പണികൾക്കായി അധിക ചെലവിനും കാരണമാകും.
വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കുന്നതിനായി ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങളും വൈദ്യുതി വകുപ്പും അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ഫ്യൂസുകളും വൈദ്യുതിബന്ധങ്ങളും പരിശോധിച്ച് തകരാറുകൾ പരിഹരിക്കുന്നതിനൊപ്പം, ആവർത്തിച്ചുള്ള നശീകരണം തടയാൻ ആവശ്യമായ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.





