ചെങ്ങന്നൂർ : ശബരിമല തീർത്ഥാടകർ 80 ശതമാനവും കടന്നുപോകുന്നത് ചെങ്ങന്നൂരിലൂടെയാണെന്നും തീർത്ഥാടകരുടെ സുരക്ഷയെക്കരുതി ഭക്ഷണ വിതരണം നടക്കുന്ന എല്ലായിടങ്ങളിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കാനും അയ്യപ്പഭക്തന്മാർക്ക് ശുദ്ധമായ കുടിവെള്ള വിതരണം ഉറപ്പാക്കാനും കർശന നിർദേശം നൽകി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ.
ചെങ്ങന്നൂർ കല്ലിശ്ശേരി റസ്റ്റ് ഹൗസിൽ വിളിച്ചുചേർത്ത വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ ,ദേവസ്വം വകുപ്പ് ജീവനക്കാർ,ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്ത ശബരിമല അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിൽ നിന്നുള്ള തീർത്ഥാടകർ എത്തുമ്പോൾ പകർച്ചവ്യാധി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
തീർഥാടകർ വരുന്ന സ്ഥലങ്ങളിൽ വൈദ്യുതി തടസ്സം ഉണ്ടാകാതെ നോക്കാൻ കെഎസ്ഇബിക്ക് നിർദ്ദേശം നൽകി. കുടിവെള്ളം, ശൗചാലയങ്ങളുടെ നടത്തിപ്പ് എന്നിവയുടെ കാര്യത്തിൽ നഗരസഭയും വാട്ടർ അതോറിറ്റിയും പ്രത്യേക ശ്രദ്ധ നൽകണമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. സജി ചെറിയാൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി പങ്കെടുത്തു. ദേവസ്വം ബോർഡ് പ്രസിഡൻറ് കെ ജയകുമാറും മെമ്പർ അഡ്വ.പി.ഡി.സന്തോഷ്കുമാറും സന്നിഹിതരായി.





