ആലപ്പുഴ : തുമ്പോളി സെന്റ് തോമസ് പള്ളിയിലെ ദർശന തിരുനാളുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളുടെ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് യോഗം ചേർന്നു. എംഎൽഎ എ ഡി തോമസിന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ വിവിധ വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ വിലയിരുത്തി. സബ് കളക്ടർ സി ശിവശക്തിവേൽ സന്നിഹിതനായി.
തിരക്ക് നിയന്ത്രിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും കൂടുതൽ പോലീസുകാരെ നിയോഗിക്കും. ഫയർഫോഴ്സ്, പൊലീസ് വകുപ്പുകൾ സ്ത്രീകൾ കുട്ടികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്കായി ശക്തമായ സുരക്ഷാസന്നാഹം ഒരുക്കണം. ഫയർ എൻജിൻ, ദുരന്തനിവാരണ സംവിധാനങ്ങൾ തുടങ്ങിയവ പള്ളിക്കടുത്തായി ഒരുക്കണം.
തുമ്പോളി ബീച്ചിൽ പ്രത്യേക സുരക്ഷ സംവിധാനം ഏർപ്പാടാക്കും.
സുഗമമായ ഗതാഗതം ഉറപ്പാക്കാനും ഗതാഗതക്കുരുക്ക് പരിഹരിക്കാനും മോട്ടോർ വാഹന വകുപ്പ്, പോലീസ് പ്രത്യേക പദ്ധതി നടപ്പാക്കും. വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. അനധികൃത പാർക്കിങ്ങ് നടത്തുന്ന വാഹനങ്ങൾ നീക്കം ചെയ്യാനും വാഹന നിയന്ത്രണത്തിനും മൊബൈൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം ഉറപ്പാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
വ്യാജ മദ്യം, ലഹരി വ്യാപനം എന്നിവ മേഖലയിൽ തടയാൻ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുടെ പ്രവർത്തനം വ്യാപിപ്പിക്കണം. പ്രശ്ന ബാധിത സ്ഥലങ്ങളിൽ സിസിടിവി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്നും ബൈക്ക് പെട്രോളിങ് ഉൾപ്പടെയുള്ളവരെ നിരീക്ഷണത്തിനായി നിയോഗിക്കുമെന്നും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
വിപുലമായ ഗതാഗത സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി കൂടുതൽ ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി ഒരുക്കും. ദീർഘദൂര ഓർഡിനറി ബസ്സുകളുടെ സർവീസുകൾ വർധിപ്പിക്കും. തടസ്സ രഹിത വൈദ്യുതി ഉറപ്പാക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഉത്സവ മേഖലയിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കണം. ഫോഗ്ഗിങ്, ക്ലോറിനേഷൻ എന്നിവ നടത്താൻ ആലപ്പുഴ മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
നഗരസഭാ വൈസ് ചെയർപേഴ്സൺ ജോസ് ചെല്ലപ്പൻ, വാർഡ് കൗൺസിലർ ടി.ബി ബെനഡിക്റ്റ്,പള്ളി വികാരി ഫാദർ പോൾ ജെ അറക്കൽ, തഹസിൽദാർ കെ പി സൂസി തുടങ്ങിയവർ പങ്കെടുത്തു





