ന്യൂഡൽഹി: യുഎഇ ദേശീയദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മലയാളത്തിന്റെ പ്രിയതാരങ്ങളായ മോഹൻലാലും മഞ്ജു വാര്യരും ഒന്നിക്കുന്ന വിസ്മയകരമായ മെഗാ സ്റ്റേജ് ഷോ ദുബായിൽ അരങ്ങേറും. ഡിസംബർ 2ന് ദുബായ് കൊക്കക്കോള അരീനയിലാണ് ‘ഹലാ മോഹൻലാൽ ദി കംപ്ലീറ്റ് ലാലേട്ടൻ ഷോ’ എന്ന പേരിൽ ഈ ബ്രഹ്മാണ്ഡ പരിപാടി സംഘടിപ്പിക്കുന്നത്. ഇത് സംബന്ധിച്ചുള്ള അവസാന ഘട്ട ഒരുക്കങ്ങളും ക്രമീകരണങ്ങളും പുരോഗമിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.
പ്രവാസി മലയാളികൾക്കും സിനിമ ആസ്വാദകർക്കും ഒരുപോലെ ആവേശം പകരുന്ന ഈ പരിപാടിയിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. സാനിയ ഇയ്യപ്പൻ, റംസാൻ, മോക്ഷ, ഡയാന ഹമീദ് തുടങ്ങിയ യുവതാരങ്ങളുടെ നൃത്ത-സംഗീത പരിപാടികളും ഷോയ്ക്ക് മിഴിവേകാൻ എത്തും. താരസംഗമം, സംഗീതം, നൃത്തം, ഹാസ്യം എന്നിവയെല്ലാം കോർത്തിണക്കി തികച്ചും വ്യത്യസ്തമായ ഒരു ദൃശ്യവിരുന്നായിരിക്കും ഇതെന്ന് സംഘാടകരായ ഇക്വിറ്റി പ്ലസ് വ്യക്തമാക്കി.
ഇക്വിറ്റി പ്ലസിന്റെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങളാണ് ഷോയ്ക്കായി ഒരുക്കിവരുന്നത്. പരിപാടിയുടെ ടിക്കറ്റ് ബുക്കിങ് ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.





