പത്തനംതിട്ട : സി.പി.എം ലോക്കൽ കമ്മിറ്റി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് പത്തനംതിട്ടയിൽ 25 കുടുംബങ്ങൾ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. ഇലന്തൂർ പരിയാരം ലോക്കൽ കമ്മിറ്റിയുടെ പരിധിയിലുള്ള വരട്ടുചിറ, പരിയാരം പ്രദേശങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ് സി.പി.എം ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്ന കൈക്കൂലി ആരോപണമാണ് കൂട്ടത്തോടെ പാർട്ടി വിടാൻ കാരണമായത്.
ഇലന്തൂർ വരട്ടുചിറയിൽ വീട് നിർമാണത്തിനായി മണ്ണെടുക്കുന്നതിന് സി.പി.എം പ്രവർത്തകർ 25,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് പരാതി. മണ്ണെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടി പ്രാദേശിക നേതൃത്വം പണം ആവശ്യപ്പെട്ടുവെന്ന ആരോപണം പ്രദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വർഷങ്ങളായി സി.പി.എമ്മുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന കുടുംബങ്ങൾ പാർട്ടി വിടാൻ തീരുമാനിച്ചത്.
സി.പി.എം പ്രവർത്തകൻ ബാബുവിന്റെ കുടുംബം ഉൾപ്പെടെയുള്ളവരാണ് പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ഇലന്തൂർ പരിയാരം, വരട്ടുചിറ മേഖലകളിൽ നിന്നുള്ള 25 കുടുംബങ്ങൾക്കാണ് ബി.ജെ.പി അംഗത്വം നൽകിയത്. പാർട്ടി വിട്ടെത്തിയ കുടുംബങ്ങൾക്ക് ബി.ജെ.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് വി.എ. സൂരജിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഇതോടൊപ്പം വരട്ടുചിറയിൽ പുതിയ ബിജെപി യൂണിറ്റും സ്ഥാപിച്ചു.
അതേസമയം, പാർട്ടി പ്രാദേശിക നേതൃത്വത്തിനെതിരെ ഉയർന്ന കൈക്കൂലി ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് സി.പി.എം പ്രാദേശിക നേതൃത്വം അറിയിച്ചു. പ്രാദേശിക തലത്തിൽ ഉയർന്ന ആരോപണങ്ങളും തുടർന്നുണ്ടായ കൂട്ടരാജിയും ഇലന്തൂരിലെ രാഷ്ട്രീയ സാഹചര്യത്തിൽ പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.





