തിരുവല്ല : നവംബര്‍ 24-ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് പാക്കിംഗ് ഗ്രൗണ്ടുകള്‍ മുന്‍കൂട്ടി കണ്ടെത്തി സജ്ജമാക്കണമെന്ന് വര്‍ഗീസ് മാമന്‍ എംഎല്‍എ. പൊങ്കാലയുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് ഗവി ഹാളില്‍ ചേര്‍ന്ന വകുപ്പുകളുടെ അവലോകന യോഗത്തിലാണ് എംഎല്‍എ നിര്‍ദേശം നല്‍കിയത്.
ക്ഷേത്രം ഭാരവാഹികള്‍ പോലീസുമായി ചര്‍ച്ച ചെയ്ത് പാര്‍ക്കിങ്ങിന് പരമാവധി ഇടങ്ങള്‍ കണ്ടെത്തണം. ട്രാവലര്‍, ബസ് പോലെയുള്ള വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സ്ഥലങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും എംഎല്‍എ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പോലീസ് വിന്യാസം.
വിവിധ സെക്ടറുകളായി 150 ഓളം പോലീസുകാരെ നിയോഗിക്കും. ഓരോ സെക്ടറിന്റെയും ചുമതല ഒരു സി ഐ ക്ക് നല്‍കും. വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ കുടിവെള്ളം ഉറപ്പാക്കണം. താല്‍ക്കാലി ടാപ്പുകള്‍, ടാങ്കറില്‍ വെള്ളം എന്നിവ സജ്ജമാക്കണം. കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം ട്രിപ്പുകള്‍ ഉള്‍പ്പെടെ 40 അധിക സര്‍വീസുകള്‍ ക്രമീകരിക്കും. കെ എസ് ഈ ബി തടസമില്ലാതെ വൈദ്യുതി ലഭ്യതയും പൊങ്കാല നടക്കുന്ന പ്രധാന സ്ഥലങ്ങളില്‍ തെരുവ് വിളക്കുകകളും ഉറപ്പാക്കണം.
ഫയര്‍ ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ ക്രമീകരിക്കും. ലഹരിപദാര്‍ത്ഥങ്ങളുടെ ഉപയോഗം തടയുന്നതിന് എക്‌സൈസ് പ്രത്യേക പരിശോധന നടത്തണം.
ക്ഷേത്ര പരിസരത്ത് ആരോഗ്യവകുപ്പിന്റെ സംഘം ഉണ്ടാകണം. ഇവിടെയും സമീപപ്രദേശങ്ങളിലും ആംബുലന്‍സ് സേവനം ഉറപ്പാക്കണം. തിരുവല്ല സബ് കളക്ടര്‍ വകുപ്പുകളുടെ ഏകോപന ചുമതല നിര്‍വഹിക്കണമെന്നും എംഎല്‍എ നിര്‍ദ്ദേശിച്ചു.
പൊങ്കാല ദിവസവും തലേന്നും ആവശ്യത്തിന് ബയോ ടോയ്‌ലറ്റുകള്‍ സജ്ജമാക്കണമെന്ന് ജില്ലാ കളക്ടര്‍ എ നിസാമുദ്ദീന്‍ പറഞ്ഞു. ഉത്സവ ഭാരവാഹികള്‍ ഇക്കാര്യം ശ്രദ്ധിക്കണം. ഉത്സവത്തിന് മുന്നോടിയായി സുരക്ഷ ഓഡിറ്റ് നടത്തണം. ചാത്തങ്കരി ആരോഗ്യകേന്ദ്രം ബേസ് ക്യാമ്പ് ആയി പ്രവര്‍ത്തിക്കണം. സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തണം.
നവംബര്‍ 20 -ന് തിരുവല്ല സബ് കളക്ടറുടെ നേതൃത്വത്തില്‍ പ്രാദേശിക യോഗം ചേര്‍ന്ന് അവസാനഘട്ട ക്രമീകരണങ്ങള്‍ വിലയിരുത്തണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
തിരുവല്ല സബ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍, തിരുവല്ല നഗരസഭ ചെയര്‍പേഴ്‌സണ്‍ എസ് ലേഖ, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പന്‍ കുര്യന്‍, നെടുമ്പ്രം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാലചന്ദ്രന്‍, ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരി, ജനറല്‍ കണ്‍വീനര്‍ അജിത്ത് പിഷാരത്ത്, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





