തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യത. മധ്യ കിഴക്കന്‍ അറബിക്കടലിലും സമീപ വടക്കന്‍ ലക്ഷദ്വീപ് പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാതച്ചുഴിയും തുടരുന്നുണ്ട്. ഇതും മഴയെ സ്വാധീനിക്കുന്നുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്തി കൂടിയ ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ട്. ഞായറാഴ്ചയോടെ തീവ്ര ന്യൂനമര്‍ദ്ദമായും അതിനുശേഷം വടക്ക് – വടക്കുപടിഞ്ഞാറന്‍ ദിശയില്‍ നീങ്ങി തിങ്കളാഴ്ച വൈകുന്നേരത്തോടെ മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റായി കൂടുതല്‍ ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.





