ആലപ്പുഴ: വ്യാജരേഖകേസിൽ പ്രതിയായി നഗരസഭ മഹിള മന്ദിരത്തിൽ പാർപ്പിച്ചിരുന്ന വിദേശവനിത രക്ഷപ്പെട്ടു. ശ്രീലങ്ക ജാഫ്ന സ്വദേശിയായ നിക്ഷലയാണ് (35) രക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 10നും ശനിയാഴ്ച പുലർച്ച 5.30നും ഇടയിലാണ് സംഭവം. ശനിയാഴ്ച രാവിലെ മഹിളാമന്ദിരം അധികൃതർ നടത്തിയ പരിശോധയിലാണ് രക്ഷപ്പെട്ടവിവരം അറിഞ്ഞത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുകയാണെന്ന് പ്രതിയെക്കുറിച്ച് സൂചനകിട്ടിയിട്ടില്ലെന്ന് സൗത്ത് പൊലീസ് പറഞ്ഞു.
2026 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ പുന്നമട റിസോർട്ടിൽ താമസിക്കുന്നതിനിടെയാണ് പൊലീസ് പിടിയിലായത്. പരിശോധനയിൽ ഇവരിൽനിന്ന് പാൻകാർഡും ആധാറും ഉൾപ്പെടെയുള്ള വ്യാജരേഖകൾ പിടിച്ചെടുത്തിരുന്നു. ശ്രീലങ്കയിൽനിന്ന് അഭയാർഥിയായയാണ് ഇവർ കാനഡയിൽ എത്തിയത്.
കാനഡയിൽ ഇവർക്ക് പി.ആർ (പെർമനന്റ് റസിഡൻസി) ലഭിച്ച പ്രതി സെയിൽസ് ഗേളായി ജോലിനോക്കുകയായിരുന്നു. അഭയാർഥിയായി കാനഡയിൽ പോയതിനാൽ ഇവർക്ക് തിരികെ ശ്രീലങ്കയിൽ പ്രവേശിക്കാൻ കഴിയില്ല. അതിനാൽ മകന്‍റെ പിറന്നാൾ ആഘോഷിക്കാൻ ഭർത്താവും മക്കളും അടങ്ങുന്ന ഒമ്പതംഗസംഘമാണ് നേപ്പാൾ വഴി ആലപ്പുഴയിൽ എത്തിയത്.





