പത്തനംതിട്ട: രാത്രികാല പട്രോളിംഗിനിടെ പോലീസിന് മുന്നിൽ പുലിയെത്തിയത് ഉദ്യോഗസ്ഥരെയും നാട്ടുകാരെയും ഒരുപോലെ ആശങ്കയിലാക്കി. തണ്ണിത്തോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇന്നലെ രാത്രി വാഹനത്തിൽ പരിശോധന നടത്തുന്നതിനിടെ പുലിയെ നേരിൽ കണ്ടത്. പുലി റോഡിലൂടെ നടന്നുനീങ്ങുന്നതും പിന്നാലെ സമീപത്തുതന്നെ കാട്ടാനയെയും കണ്ടതോടെ തണ്ണിത്തോട് മേഖലയിൽ വന്യജീവി ഭീഷണി വീണ്ടും ചർച്ചയാകുകയാണ്.
ഇന്നലെ രാത്രി 11.45 ഓടെ തണ്ണിത്തോട്ടിൽനിന്ന് എലിമുള്ളുംപ്ലാക്കൽ ഭാഗത്തേക്ക് പോകുകയായിരുന്ന പോലീസ് വാഹനത്തിന് മുന്നിലേക്കാണ് പുലി എത്തിയത്. പേരുവാലി ഭാഗത്തുവച്ചായിരുന്നു സംഭവം. അപ്രതീക്ഷിതമായി റോഡിലേക്ക് എത്തിയ പുലിയെ കണ്ടതോടെ പോലീസ് ഉദ്യോഗസ്ഥർ വാഹനം ഉടൻ നിർത്തി. വാഹനത്തിന്റെ ലൈറ്റുകൾ അണയ്ക്കാതെ റോഡിൽത്തന്നെ കാത്തുനിന്നു. ഏറെനേരം പോലീസ് വാഹനത്തിന് നേരെ നോക്കിനിന്ന പുലി പിന്നീട് സമീപത്തെ വനത്തിലേക്ക് കയറിപ്പോയി.
പോലീസ് ഉദ്യോഗസ്ഥനായ അരുൺ സുരേന്ദ്രനും ഡ്രൈവർ സനലുമാണ് വാഹനത്തിലുണ്ടായിരുന്നത്. പുലി വനത്തിലേക്ക് മടങ്ങിയതിനുപിന്നാലെ റോഡരികിൽ കാട്ടാനയെയും കണ്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഒരേ രാത്രിയിൽ പുലിയെയും കാട്ടാനയെയും കണ്ട സംഭവം പ്രദേശത്തെ വന്യജീവി സാന്നിധ്യത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതാണ്.
തണ്ണിത്തോട് റോഡിൽ വന്യജീവികളുടെ സാന്നിധ്യം അടുത്തിടെയായി പതിവായിരിക്കുകയാണ്. രാത്രികാലങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവരാണ് ഏറെ ഭീഷണി നേരിടുന്നത്. വനമേഖലയോട് ചേർന്നുള്ള റോഡുകളിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ഭീതിയോടെയാണ് കടന്നുപോകുന്നത്.
ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ കോന്നി, തണ്ണിത്തോട്, സീതത്തോട്, ആങ്ങമൂഴി, പ്ലാപ്പള്ളി വഴിയിലൂടെ നിരവധി അയ്യപ്പഭക്തരാണ് കടന്നുപോകുന്നത്. മണ്ഡലകാലത്ത് ഈ പാതയിലൂടെയുള്ള വാഹനങ്ങളുടെ എണ്ണവും വർധിക്കും. രാത്രികാല യാത്രകളിൽ വന്യജീവികളെ നേരിടേണ്ടിവരുമെന്ന ആശങ്ക തീർഥാടകർക്കിടയിലുമുണ്ട്.





