കോഴഞ്ചേരി: ഭക്തിയും വിശ്വാസവും പാരമ്പര്യവും ഗ്രാമീണ വ്യാപാര സൗന്ദര്യവും ഒത്തു ചേരുന്ന തെള്ളിയൂർക്കാവ് വൃശ്ചിക വാണിഭത്തിന് തുടക്കമായി. തെള്ളിയൂരിൽ ഏറ്റവും ശ്രദ്ധയാകർഷിക്കുന്ന ഒന്നാണ് പാൽ സ്രാവ് വിപണി. സംസ്ഥാനത്ത് ക്ഷേത്ര മതിലകത്ത് സ്രാവ് വിൽപന നടത്തുന്ന ഏക ദേവസ്ഥാനമാണ് തെള്ളിയൂർക്കാവ് ഭഗവതി ക്ഷേത്ര മതിലകം. ഒരുകിലോ പാൽ സ്രാവിന് 550 രൂപയാണ് വില. ഉണക്ക പാൽ സ്രാവിൻ്റെ തല ഇല്ലാത്ത ഭാഗമാണ് ഏറെ ഔഷധ ഗുണമുള്ളത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.
പാലക്കാട് നെന്മാറ മുതൽ കന്യാകുമാരി വരെയുള്ള സ്ഥലത്തെ ആളുകൾ പാൽ സ്രാവ് വാങ്ങുന്നതിന് എല്ലാ വൃശ്ചിക മാസത്തിലും തെള്ളിയൂരിൽ എത്താറുണ്ട്. സ്രാവ് ഫ്രിഡ്ജിൽ സൂക്ഷിക്കാമെങ്കിലും ഫ്രീസറിൽ വയ്കരുതെന്നാണ് വിൽപനക്കാർ പറയുന്നത്. തെള്ളിയൂർ പാൽ സ്രാവിന് മറ്റു സ്രാവുകളേക്കാൾ രുചി കൂടുതലാണെന്നാണ് അനുഭവസ്ഥർ പറയുന്നത്.
ആചാര അനുഷ്‌ഠാനത്തിൻ്റെ ഭാഗമായാണ് എല്ലാ വർഷവും തെള്ളിയൂർക്കാവിൽ വന്ന് പാൽ സ്രാവ് വിൽക്കുന്നതെന്ന് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തെള്ളിയൂരിൽ പാൽ സ്രാവ് വിൽപന നടത്തുന്ന ടെക്സ്റ്റൈൽ വ്യാപാരി കൂടിയായ ഹരിപ്പാട് സ്വദേശി സജീവ് രാജധാനി, ഇവർക്കൊപ്പം വിപണനം നടത്തുന്ന പന്തളം സ്വദേശിയായ ഷെമീർ, സാജർ, ആദിക്കാട്ടുകുളങ്ങര സ്വദേശി ഷിബു എന്നിവർ പറഞ്ഞു.
12 സ്‌റ്റാളുകളാണ് പാൽ സ്രാവ് വിൽപനയ്ക്ക് ക്രമീകരിച്ചിരിക്കുന്നത്. ഏറ്റവും ഔഷധ ഗുണമുള്ള സ്രാവാണ് ഇവിടെ ലഭിക്കുന്നത് എന്നതിനാൽ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് ഇവിടെ എത്തുന്നത്. സ്രാവിന് പുറമെ കടവരാൽ, നാടൻ ചെമ്മീൻ, ചൂട, പരവ എന്നിവയും ഇവിടെ ലഭ്യമാണ്. വിഴിഞ്ഞം ഹാർബർ, തമിഴ്‌നാട്ടിലെ കുളച്ചൽ തേങ്ങാപ്പട്ടണം എന്നിവിടങ്ങളിൽ നിന്നാണ് സ്രാവുകളെ വിൽക്കാൻ പരുവത്തിൽ ഇവിടെ എത്തിക്കുന്നത്.
പാൽ സ്രാവിനൊപ്പം പരവ , കായൽ കൊഞ്ച്, കടവരാൽ തുടങ്ങിയ മിനുകളും ഇവിടെ വിൽപനയ്ക്ക് ഉണ്ട്. ഡിസംബർ 1 ന് ആണ് തെള്ളിയൂർ വൃശ്ചിക വാണിഭം അവസാനിക്കുന്നത്. അതു വരെ പൊലീസിൻ്റെ നിരീക്ഷണം ഈ ഭാഗത്ത് കർശനമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് കോയിപ്രം എസ് എച്ച് ഒ ജി.സുരേഷ് കുമാർ അറിയിച്ചു. ഇതിന് പുറമെ വനിതാ പൊലീസ് ഉൾപ്പെടെ 20 പേരടങ്ങിയ സംഘത്തിൻ്റെ നിരീക്ഷണവും ഇവിടെ ഉണ്ട്.





