Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsആറുമാസം തികയുമ്പോൾ...

ആറുമാസം തികയുമ്പോൾ മുഖ്യമന്ത്രിക്കെതിരെ പടയൊരുക്കം; കോൺഗ്രസിൽ ഭിന്നത രൂക്ഷം, ഹൈക്കമാൻഡിനെ സമീപിക്കാൻ ഒരുവിഭാഗം

തിരുവനന്തപുരം  : യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി ആറുമാസം തികയുമ്പോൾ കോൺഗ്രസിനുള്ളിലെ അധികാരത്തർക്കവും ഗ്രൂപ്പ് പോരും പുതിയ തലത്തിലേക്ക്. മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രവർത്തനശൈലിയിൽ അതൃപ്തിയുമായി കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തിയതോടെ പാർട്ടിയിലെ ഭിന്നത രൂക്ഷമാകുകയാണ്.

മുഖ്യമന്ത്രിയുടെ തീരുമാനങ്ങളിൽ കൂടിയാലോചനയില്ലെന്നും പാർട്ടിയിലെ മുതിർന്ന നേതാക്കളെയും പ്രവർത്തകരെയും അവഗണിക്കുകയാണെന്നുമാണ് പ്രധാന പരാതി. അതൃപ്തി പരിഹരിച്ചില്ലെങ്കിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ നേരിട്ട് സമീപിക്കാനാണ് ഒരുവിഭാഗത്തിന്റെ നീക്കം.

സർക്കാർ അധികാരത്തിലെത്തി ആറുമാസം പിന്നിട്ടിട്ടും ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളിലെ നിയമനങ്ങൾ പൂർത്തിയാകാത്തതാണ് തർക്കത്തിന് പ്രധാന കാരണങ്ങളിലൊന്ന്. മുന്നണിയിലെ ഘടകകക്ഷികൾക്ക് സ്ഥാനങ്ങൾ ലഭിക്കുമ്പോഴും കോൺഗ്രസിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നതിൽ നേതാക്കൾക്ക് കടുത്ത അതൃപ്തിയുണ്ട്.

പാർട്ടിയിലെ വിവിധ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്നും തീരുമാനങ്ങൾ ഏതാനും നേതാക്കൾ മാത്രം കൈക്കൊള്ളുകയാണെന്നും വിമർശനമുയരുന്നു. മുൻപ് എ ഗ്രൂപ്പിന്റെ ഭാഗമായിരുന്ന മുതിർന്ന നേതാക്കൾ തിരുവനന്തപുരത്ത് യോഗം ചേർന്ന് അതൃപ്തി പരസ്യമാക്കിയിരുന്നു.

എം.എം. ഹസൻ, ബെന്നി ബഹനാൻ, കെ.സി. ജോസഫ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു യോഗം. മന്ത്രി പി.സി. വിഷ്ണുനാഥും കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിലും ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യവും ശ്രദ്ധേയമായി. ഗ്രൂപ്പ് പ്രവർത്തനം പരസ്യമായി പുനരാരംഭിക്കാനല്ല, മറിച്ച് പാർട്ടിക്കുള്ളിൽ സംഘടിതശക്തിയായി നിന്ന് അർഹമായ പരിഗണന നേടിയെടുക്കാനാണ് നീക്കമെന്നാണ് സൂചന.

മുഖ്യമന്ത്രി വി.ഡി. സതീശനെയും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും നേരിൽക്കണ്ട് നേതാക്കൾ അതൃപ്തി അറിയിച്ചിട്ടുണ്ട്. അനുകൂലമായ നടപടിയുണ്ടായില്ലെങ്കിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എന്നിവരെ സമീപിക്കാനും ആലോചനയുണ്ട്.

ഇതിനിടെ ബോർഡ്, കോർപറേഷൻ നിയമനങ്ങൾ സംബന്ധിച്ച തർക്കം മന്ത്രിസഭാ യോഗത്തിലും പ്രതിഫലിച്ചതായാണ് റിപ്പോർട്ടുകൾ. നവംബർ 18ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ വിവിധ നിയമനങ്ങളെയും തീരുമാനങ്ങളെയും ചൊല്ലി മന്ത്രിമാർക്കിടയിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായി.

പി.എസ്.സി അംഗങ്ങളുടെ നാമനിർദേശവും ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൂടിയാലോചനയുടെ അഭാവം ചോദ്യം ചെയ്യപ്പെട്ടതായാണ് വിവരം. മന്ത്രിമാർക്ക് അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഇത്തരം ചർച്ചകൾ ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചതായും റിപ്പോർട്ടുകളുണ്ട്.

മുസ്‌ലിം ലീഗിന് മുന്നണിയിലും സർക്കാരിലും ലഭിക്കുന്ന പരിഗണനയെച്ചൊല്ലിയും കോൺഗ്രസിലെ ചില നേതാക്കൾക്ക് അതൃപ്തിയുണ്ട്. കോൺഗ്രസിന്റെ തന്നെ വിവിധ വിഭാഗങ്ങൾക്കിടയിൽ സ്ഥാനങ്ങൾ വീതംവയ്ക്കുന്നതിൽ നീതി പുലർത്തുന്നില്ലെന്ന വിമർശനവും ശക്തമാണ്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ട ചിലർ ഇപ്പോഴും ബോർഡുകളിലും കോർപറേഷനുകളിലും തുടരുന്നതും നേതാക്കൾ ചോദ്യം ചെയ്യുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉമ്മൻ ചാണ്ടി സ്മൃതി ദിനാചരണം 18-ന്: കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും

കോട്ടയം: കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും പുതുപ്പള്ളി നിയോജകമണ്ഡലത്തെ അഞ്ചു പതിറ്റാണ്ടിലേറെ തുടർച്ചയായി പ്രതിനിധീകരിച്ച ജനനായകനുമായിരുന്ന  ഉമ്മൻ ചാണ്ടിയുടെ മൂന്നാം ചരമവാർഷികം ജൂലൈ 18-ന് പുതുപ്പള്ളിയിൽ സ്മൃതി ദിനമായി ആചരിക്കുമെന്ന് ചാണ്ടി ഉമ്മൻ എം.എൽ.എ....

തെരുവ് നായ ആക്രമണം : പാമ്പാടിയിൽ നാല് പേർക്ക് കടിയേറ്റു

കോട്ടയം : കോട്ടയം പാമ്പാടിയിൽ തെരുവ് നായ ആക്രമണത്തിൽ നാല് പേർക്ക് കടിയേറ്റു. അനീഷ് ,ജോബി,ചാക്കോ, മോഹൻ എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. ഇതിൽ അനീഷിൻറെ ചുണ്ടിലാണ് കടിയേറ്റത്.ഒരു നായയാണ് നാല് പേരെയും...
- Advertisment -

Most Popular

- Advertisement -