എടത്വ : തിന്മയുടെ മേൽ നന്മയുടെ വിജയം പ്രാപ്തമാകുന്ന കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ഇന്ന് നടക്കും. വൃശ്ചികമാസത്തിലെ ത്യക്കാർത്തിക ദിവസം സന്ധ്യക്കാണ് സ്തംഭം കത്തിക്കൽ ചടങ്ങ് നടക്കുന്നത്. വളരെയധികം പൊക്കമുള്ള തൂണിൽ വാഴച്ചിയും തെങ്ങോലയും ദേവിക്ക് ഒരുവർഷം കിട്ടിയ ഉടയാടകൾ ചുറ്റിയാണ് സ്തംഭം ഒരുക്കിയത്.
നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിക്കും. ദേവി എഴുന്നള്ളിച്ച് നടപ്പന്തലിൽ കിഴക്കോട്ടു ദർശനമായി ഇരുത്തിയ ശേഷം ദേവിയുടെ സാന്നിധ്യത്തിലാണ് സ്തംഭം കത്തിക്കൽ ചടങ്ങ് നടക്കുന്നത്. സ്തംഭം കത്തിയമരുന്നതോടെ നാട്ടിലെ സകല പാപങ്ങൾക്കും അറുതി വരുമെന്നാണ് ഭക്തരുടെ വിശ്വാസം.
ചടങ്ങ് ദർശിക്കാൻ ക്ഷേത്രത്തിൽ വൻഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. പുലർച്ചെ പൊങ്കാല നിവേദിക്കാൻ എത്തുന്ന ഭക്തർ സ്‌തംഭം കത്തിക്കൽ ചടങ്ങും കഴിഞ്ഞാണ് ക്ഷേത്രത്തിൽ നിന്ന് പടിയിറങ്ങുന്നത്.
ക്ഷേത്രത്തിന് കിലോമീറ്റർ അകലെ പൊങ്കാല സമർപ്പിക്കുന്ന ഭക്തർ രാവിലത്തെ തിരക്കിന് ക്ഷേത്രത്തിൽ എത്താൻ കഴിയില്ല. ഇങ്ങനെയുള്ള തീർത്ഥാടകർ വൈകിട്ടത്തെ സ്‌തംഭം കത്തിക്കൽ ചടങ്ങിനെത്തി യഥാവിധി നേർച്ച കാഴ്ചകൾ അർപ്പിച്ചാണ് മടക്കം. മഹത്തായ ഈ ചടങ്ങ് വൈകിട്ട് 6.30-ന് നടക്കും. നൂറുകണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി പശ്ചിമ ബംഗാൾ മുൻഗവർണ്ണർ ഡോ. സി.വി.ആനന്ദ ബോസ് എ.എ.എസ് കാർത്തിക സ്തംഭത്തിൽ അഗ്നി പകർത്തും





