കോഴഞ്ചേരി: അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്തുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഏർപ്പെടേണ്ട ക്രമീകരണങ്ങൾ പഴകുളം മധു എംഎൽഎയുടെ അധ്യക്ഷതയിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു.
2027 ഫെബ്രുവരി 21 മുതൽ 28 വരെയാണ് പരിഷത്ത്. മണൽപ്പുറവും പരിസരവും വൃത്തിയാക്കി ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിൽ ചെളിയും പുറ്റുകളും നീക്കം ചെയ്യണമെന്ന് എം എൽ എ നിർദേശിച്ചു. കടവുകളിൽ ബാരിക്കേടും മുന്നറിയിപ്പ് ബോർഡും സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു. പോലീസ് ക്രമസമാധാനവും സുരക്ഷയും ഉറപ്പാക്കും.
പരിഷത്ത് നഗറിൽ പോലീസ് എയ്ഡ്പോസ്റ്റും കൺട്രോൾ റൂമും സ്ഥാപിക്കും. കെഎസ്ഇബി തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കുന്നതിനോടൊപ്പം ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ തെരുവ് വിളക്കുകൾ പ്രവർത്തിപ്പിക്കണം.പരിഷത്ത് നഗറിൽ ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ സംഘം ഉണ്ടാകും.
അലോപ്പതി, ആയുർവേദ, ഹോമിയോ ഡിസ്പെൻസറികളുടെ സേവനം ലഭ്യമാക്കണം. പരിഷത്ത് നഗറിലേക്കുള്ള പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റ പണി അടിയന്തരമായി പൂർത്തിയാക്കണം. അഗ്നി രക്ഷാ സേനയുടെ യൂണിറ്റും വാഹനവും പരിസരത്ത് ക്രമീകരിക്കും. വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ആർ ഒ പ്ലാന്റും വാട്ടർ കിയോസ്കുകളും സ്ഥാപിക്കണം.
ജില്ലയിലെയും സമീപപ്രദേശങ്ങളിലും പ്രധാന കേന്ദ്രങ്ങളിൽ നിന്ന് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസുകൾ ക്രമീകരിക്കണം. തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തിൽ ശുചീകരണം നടത്തണം. ബയോ ടോയ്ലറ്റുകളും വേസ്റ്റ് ബിന്നുകളും ക്രമീകരിക്കണം. വ്യാജമദ്യം, നിരോധിത ലഹരി വസ്തുക്കൾ എന്നിവയുടെ വിൽപ്പന തടയുന്നതിന് എക്സൈസ് പ്രത്യേക പരിശോധന നടത്തണമെന്നും യോഗം തീരുമാനിച്ചു.
തിരുവല്ല സബ് കലക്ടർ വകുപ്പുകളുടെ ഏകോപന ചുമതല നിർവഹിക്കും. ജില്ലാ കലക്ടർ എ നിസാമുദ്ദീൻ, ജില്ലാ പോലീസ് മേധാവി , ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പരിഷത്ത് സംഘാടകർ തുടങ്ങിയവർ പങ്കെടുത്തു.





