ആലപ്പുഴ : പുന്നപ്ര, നെടുമുടി, കൈനകരി, ചമ്പക്കുളം കൃഷിഭവനുകളുടെ പരിധിയിലെ പാടശേഖരങ്ങളില്‍ കരിഞ്ചാഴി (ബ്ലാക്ക് ബഗ്) എന്ന കീടത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി കീടനിരീക്ഷണ കേന്ദ്രം അറിയിച്ചു. വിതച്ച് 25 ദിവസം വരെയായ രണ്ടാം നെല്‍ കൃഷി പാടശേഖരങ്ങളിലാണ് നീരൂറ്റിക്കുടിക്കുന്ന ഈ കീടത്തിന്റെ സാന്നിധ്യമുള്ളത്.
കൃഷി നാഷമുണ്ടാക്കുന്ന ഇവക്കെതിരെ ജാഗ്രതവേണമെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.വെള്ളം കയറ്റിയിട്ടിരിക്കുന്ന നിലങ്ങളില്‍ ഇലകളിലാണ് ഇത്തരം ചാഴികള്‍ കയറിയിരിക്കുക. അല്ലെങ്കില്‍ മണ്ണിലും ചെടികളുടെ ചുവടുഭാഗത്തുമായിരിക്കും കീടസാന്നിധ്യം കാണുക.
നീരുറ്റിക്കുടിക്കുന്ന ഈ കീടം വദനഭാഗത്ത് ഇരവശങ്ങളിലായുള്ള മുള്ളുകള്‍ കൊണ്ട് ഇലകളിലും നടുനാമ്പിലും മുറിവുകള്‍ ഉണ്ടാക്കുകയും ഈ ഭാഗം വച്ച് ഇലകള്‍ മുറിഞ്ഞു പോവുകയോ നടുനാമ്പ് വാടിപ്പോവുകയോ ചെയ്യും. കരിഞ്ചാഴി ഉണ്ടാക്കുന്ന മുറിവുകളിലൂടെ ഇലകരിച്ചിലിനു കാരണമായ ബാക്ടീരിയയുടെ വ്യാപനം ഉണ്ടാകാനും സാധ്യതയുണ്ട്.
ആക്രമണം കൂടുതലാകുന്ന സാഹചര്യത്തില്‍ ചെടികളില്‍ വളര്‍ച്ച മുരടിപ്പ്, മഞ്ഞളിപ്പ്, നടുനാമ്പു വാട്ടം എന്നീ ലക്ഷണങ്ങള്‍ ഉണ്ടാകാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകര്‍ക്ക് ചുവടെ ചേര്‍ത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണെന്ന് കീടനിരീക്ഷണ കേന്ദ്രം പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.
നെടുമുടി – 8547865338
പുന്നപ്ര – 9074306585
കൈനകരി – 9961392082
ചമ്പക്കുളം – 9567819958