ആറന്മുള: ഉതൃട്ടാതി ജലോത്സവത്തിന് സർക്കാരിന്റെ പൂർണ പിന്തുണ ഉറപ്പുനൽകി ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. സംസ്ഥാനത്തെ ശ്രദ്ധേയമായ ജലോത്സവങ്ങളിൽ ഒന്നാണ് ഓഗസ്റ്റ് 30ന് ആറന്മുളയിൽ നടക്കുന്നത്. വിശിഷ്ടാതിഥിയായി ഉപരാഷ്ട്രപതി സി. പി രാധാകൃഷ്ണൻ പങ്കെടുക്കുന്നതിനാൽ ഈ വർഷം കൂടുതൽ തയ്യാറെടുപ്പ് ആവശ്യമുണ്ട്.
ജലോത്സവത്തിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് ആറന്മുള പാർത്ഥസാരഥി ക്ഷേത്രം പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ ചേർന്ന അവലോകന യോഗത്തിൽ അധ്യക്ഷനായിരുന്നു മന്ത്രി. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന് ക്രമീകരണം ചർച്ച ചെയ്തിരുന്നു.
വള്ളംകളിക്ക് പമ്പ നദിയിലെ ജലനിരപ്പ് കൃത്യമായി നിലനിർത്തുന്നതിന് ജില്ല കലക്ടർ എ നിസാമുദീന്റെ അധ്യക്ഷതയിൽ ഡാം സേഫ്റ്റി, ഇറിഗേഷൻ എന്നിവയുടെ പ്രത്യേക യോഗം ചേരും. വാട്ടർ അതോറിറ്റി കുടിവെള്ള ലഭ്യത ഉറപ്പാക്കും. വകുപ്പുകൾ ഏർപ്പെടുത്തേണ്ട ക്രമീകരണം ചർച്ച ചെയ്തു. ഉപരാഷ്ട്രപതിയുടെ സുരക്ഷ, ഗതാഗത ക്രമീകരണം, പാർക്കിംഗ് എന്നിവയ്ക്ക് പോലീസ് സംവിധാനമൊരുക്കും.
ഫയർഫോഴ്സിന്റെ സ്കൂബ ടീം, പട്രോളിങ്ങിനായി പ്രത്യേകം സ്ക്വാഡുകൾ എന്നിവയോടൊപ്പം എൻഡിആർഎഫ് സംഘവും ഉണ്ടാകും. വേദിയിലെ പന്തലിന്റെ സുരക്ഷ, റസ്റ്റ് ഹൗസിലെ സൗകര്യങ്ങൾ എന്നിവ പൊതുമരാമത്ത് കെട്ടിട വിഭാഗം പരിശോധിച്ചു ഉറപ്പാക്കും. ആംബുലൻസ് ഉൾപ്പെടെ മെഡിക്കൽ ടീം ലഭ്യമാക്കും. നദിയിലെ മണൽപുറ്റ്, മുള, കമ്പ് തുടങ്ങിയവ ഇറിഗേഷൻ വകുപ്പ് നീക്കും.
അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ വേലി സ്ഥാപിക്കും. വേദിയുടെയും പരിസരത്തിന്റെയും ശുചിത്വം, മാലിന്യനിർമാർജനം, ബയോ ടോയ്ലറ്റ് എന്നിവയുടെ ചുമതല തദ്ദേശസ്വയംഭരണ വകുപ്പിനാണ്. ജലോത്സവവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 28 മുതൽ പാഞ്ചജന്യം ഓഡിറ്റോറിയത്തിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും.
എംഎൽഎമാരായ അബിൻ വർക്കി, പഴകുളം മധു, സി വി ശാന്തകുമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ദീനാമ്മ റോയി, ജില്ല കലക്ടർ എ നിസാമുദ്ദീൻ, ജില്ല പോലീസ് മേധാവി ആർ ആനന്ദ്, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പള്ളിയോട സേവാ സംഘം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.





