തിരുവനന്തപുരം : സർക്കാർ എൽ പി സ്കൂളുകളിലെ അധ്യാപക തസ്തികകൾ വർധിപ്പിക്കണമെന്ന സമരം ചെയ്യുന്ന എൽപിഎസ്ടി റാങ്ക് ലിസ്റ്റിൽ ഉള്ളവരുടെ ആവശ്യം അംഗീകരിക്കുന്നതിൽ പ്രായോഗിക തടസ്സങ്ങളുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ഇക്കാര്യം സമരക്കാരെ ബോധ്യപ്പെടുത്താൻ സർക്കാർ ശ്രമിച്ചിട്ടുണ്ട്.
സർക്കാർ എൽ പി സ്കൂളുകളിലെ പ്രഖ്യാപിത അധ്യാപക വിദ്യാർഥി അനുപാതം 1:30 ആണെന്നിരിക്കെ നിലവിൽ സംസ്ഥാനത്തെ അനുപാതം 1:19 ആണ്. സംസ്ഥാനത്ത് സർക്കാർ സ്കൂളിലെ മൊത്തം വിദ്യാർഥികളുടെ എണ്ണം 3,49,000 ആണ്, അധ്യാപകരുടെ എണ്ണം 18,856. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ അനുപാതം 1:11 ആണ്. ഇടുക്കിയിൽ ഇത് 1:12 ഉം കണ്ണൂരിൽ 1:14 ഉം ആണ്. അധ്യാപക – വിദ്യാർഥി അനുപാതം 1:25 ആക്കണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടത്. നിലവിലെ കണക്ക് പരിശോധിക്കുമ്പോൾ സമരക്കാരുടെ ആവശ്യം അപ്രസക്തമാണ്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണം കുറഞ്ഞ് ഡിവിഷൻ ഫോൾ വരുമ്പോൾ അധ്യാപകരെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സമരക്കാരുമായി ഇനിയും ചർച്ച നടത്താൻ തയ്യാറാണ്. സമരക്കാർ ഉന്നയിച്ച നാല് ആവശ്യങ്ങളിൽ ധാരണയിൽ എത്തിയാൽ ഉത്തരവ് ഇറക്കാൻ സർക്കാർ ഒരുക്കമാണെന്നും മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സർക്കാർ വകുപ്പുകളിൽ ഇല്ലാത്ത ഒഴിവ് മുൻനിർത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന പിഎസ്സി രീതിക്ക് മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ല്ലാ വകുപ്പുകളും കൃത്യമായി ഒഴിവുകൾ റിപ്പോർട്ട് ചെയ്യണം. ഒഴിവുകൾ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാലടി സർവകലാശാലയിൽ സമരം ചെയ്ത വിദ്യാർഥികളുടെ സസ്പെൻഷൻ പിൻവലിച്ച ഹൈക്കോടതി വിധി നടപ്പാക്കണമെന്നാണ് സർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികളുടെ ഭാവി നശിപ്പിക്കുന്ന സമീപനം ഉണ്ടാകരുത്. ഇക്കാര്യത്തിൽ ഇടപെടാൻ സർക്കാരിന് സാധിക്കില്ല. തുടർനടപടി തീരുമാനിക്കാനുള്ള അധികാരം സർവകലാശാലയ്ക്കുണ്ട്.
നവംബർ 30ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ കായിക ബിൽ, പബ്ലിക് സർവീസ് കമ്മീഷൻ ഭേദഗതി ബിൽ, സിദ്ധാർത്ഥൻ റാഗിംഗ് വിരുദ്ധ ബിൽ, സ്വകാര്യ സർവകലാശാല ബിൽ എന്നിവയുൾപ്പെടെയുള്ള ബില്ലുകൾ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.





