ആലപ്പുഴ: ചമ്പക്കുളം മൂലം വള്ളംകളിക്ക് നൽകുന്ന ഗ്രാൻ്റ് വർധിപ്പിക്കാൻ തീരുമാനിച്ചതായി ടൂറിസം-സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
ജലോത്സവങ്ങളെ കേരള ടൂറിസത്തിൻ്റെ പ്രധാന ആകർഷണമായി ലോകത്തിന് മുന്നിൽ അവതരിപ്പിക്കും. കേരളത്തിലെ ജലോത്സവങ്ങൾ തുടങ്ങുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. ജലോത്സവങ്ങൾ കേവലമായ മത്സരങ്ങൾ മാത്രമല്ല, കേരളത്തിൻ്റെ ജല നാഗരികതയെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും നമ്മുടെ സമ്പന്നമായ സംസ്‌കാരത്തിൻ്റെ ചരിത്രത്തിലേയ്ക്കുള്ള ഒരു യാത്രകൂടിയാണ്.
സർക്കാർ ജലോത്സവങ്ങളെ വലിയ ഗൗരവത്തോടെയാണ് കാണുന്നത്. സി.ബി.എൽ ഈ വർഷം മുതൽ കൂടുതൽ മെച്ചപ്പെട്ട നിലയിൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
റെജി ചെറിയാൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി വിശിഷ്ടാതിഥിയായി. ചമ്പക്കുളം മൂലം വള്ളംകളി 2026-ൻ്റെ പതാക ജില്ലാ കളക്ടർ ഷാജി വി. നായർ ഉയർത്തി. മന്ത്രി പി സി വിഷ്ണുനാഥും, കൊടിക്കുന്നിൽ സുരേഷ് എം.പി, റെജി ചെറിയാൻ എം.എൽ.എ എന്നിവരും ചേർന്ന് സമ്മാനദാനം നിർവഹിച്ചു.





