ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ശക്തമായ മഴ തുടരുന്നു. ഡൽഹിയിലും, പരിസര പ്രദേശങ്ങളും രാവിലെ മൂന്ന് മണിക്കൂര്‍ റെഡ് അലേര്ട്ടിലായിരുന്നു. രോഹിണിയിൽ നിർമ്മാണത്തിലിരുന്ന കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരണം മൂന്നായി.
മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ഹിമാചൽ പ്രദേശിലും ജമ്മു കശ്മീരിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കടുത്ത ചൂടിനും ഉഷ്ണതരംഗത്തിനും ആശ്വാസമായാണ് എത്തിയതെങ്കിലും മഴകനത്തതോടെ വെള്ളക്കെട്ടും ഗതാഗതകുരുക്കും ദില്ലിയില്‍ രൂക്ഷമായി.
തലസ്ഥാന മേഖലയിലും, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ പല ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴ നിന്ന് പെയ്ത് രാവിലെ പത്ത് മണിവരെ മൂന്ന് മണിക്കൂര്‍ ദില്ലി റെഡ് അലേര്‍ട്ടിലായിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോർഡ് മഴയാണ് ദില്ലിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഡൽഹിക്ക് പുറമെ ഉത്തർപ്രദേശ്, രാജസ്ഥാൻ, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലും കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഹിമാചൽ പ്രദേശിലെ രാംപൂരിൽ താൽക്കാലിക പാലങ്ങൾ ഒലിച്ചുപോയതിനെ തുടർന്ന് ഗ്രാമങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്. സർക്കാരുകളുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി വരുന്നു. ജാഗ്രത തുടരണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.





