തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ ഡിസ്ട്രിക്ട് ഗവർണറായി സനോജ് വർഗീസ് സ്ഥാനമേറ്റു. തിരുവല്ലയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ, വൈഎംസി.എ, വൈഡബ്ല്യുസിഎ, വൈസ് മെൻസ് ഇന്റർനാഷണലിന്റെ നേതാക്കൾ, ക്ലബ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
തിരുവല്ല ക്ലബിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി ജോസഫ് ഉദ്ഘാടനം ചെയ്തു. എൽ ആർഡി അഡ്വ. എബി തോമസ് മുഖ്യപ്രഭാഷണം നടത്തി. സെൻട്രൽ ട്രാവൻകൂർ റീജിയണൽ ഡയറക്ടർ ലീല ഗോപികൃഷ്ണ സ്ഥാനാരോഹണ ചടങ്ങുകൾക്ക് നേതൃത്വം നൽകി. സേവന പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ ബുള്ളറ്റിന്റെ പ്രകാശനവും ചടങ്ങിൽ നടന്നു.
ആരോഗ്യ സംരക്ഷണം, പരിസ്ഥിതി സംരക്ഷണം, വിദ്യാഭ്യാസം, കാരുണ്യ പ്രവർത്തനങ്ങൾ, യുവജന-ശിശു ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകുന്ന വിവിധ പദ്ധതികൾ ചടങ്ങിൽ പ്രഖ്യാപിച്ചു. വൃക്കരോഗ ചികിത്സയ്ക്കും ഡയാലിസിസ് സഹായത്തിനുമായി റീനൽ കെയർ പദ്ധതി, വയോജനങ്ങൾക്കായുള്ള കെയർ ഫോർ ഏജ്ഡ് പദ്ധതി, അക്ഷരദീപം വിദ്യാഭ്യാസ സഹായ പദ്ധതി എന്നിവ നടപ്പാക്കും.
വിദ്യാർത്ഥികൾക്കായി ബോധവൽക്കരണ ക്ലാസുകളും വിദ്യാഭ്യാസ സഹായ പദ്ധതികളും സംഘടിപ്പിക്കും. സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി ഡ്രസ് ബാങ്ക് പ്രവർത്തനം വിപുലീകരിക്കുകയും കൈത്താങ്ങ് പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുകയും ചെയ്യും.
റീജിയണൽ സെക്രട്ടറി സജി കുര്യൻ, വൈഎംസി.എ തിരുവല്ല സബ് റീജിയൻ ചെയർമാൻ ജോജി പി. തോമസ്, വൈഡബ്ല്യുസിഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ആനി തോമസ്, മുൻ ആർ.ഡി.ഒ. പി.ഡി. ജോർജ്, ചെങ്ങന്നൂർ മീഡിയ സെന്റർ പ്രസിഡന്റ് കെ. ഷിബുരാജൻ, ഡിസ്ട്രിക്ട്–5 ഗവർണർ ഷിബു സക്കറിയ, മുൻ ഡിസ്ട്രിക്ട് ഗവർണർ മാത്യു ജോർജ്, സി. തോമസ്, പി.ഡി. ബൗസാലി, സൂസൻ കുരുവിള,തിരുവല്ല ക്ലബ് പ്രസിഡന്റ് ജിജു മാത്യു പുലിയേലിൽ , ഡിസ്ട്രിക്ട് സെക്രട്ടറിയും ഡി.ജി. ഇലക്ടുമായ എബി ജേക്കബ് എന്നിവർ പ്രസംഗിച്ചു.





