പത്തനംതിട്ട: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിംഗിലെ കൃത്രിമ പ്രതിസന്ധി പരിഹരിച്ച് അടിയന്തര അന്വേഷണം നടത്തണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു.
ദിവസേന 80,000 പേർ ബുക്ക് ചെയ്യുന്നുണ്ടെന്ന് പറയുമ്പോഴും 30,000 പേർ പോലും എത്താത്തത് ഭക്തരെ അകറ്റാൻ മനഃപൂർവ്വം സ്ലോട്ടുകൾ ബ്ലോക്ക് ചെയ്യുന്നതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിലയ്ക്കലിൽ സ്പോട്ട് ബുക്കിംഗ് ലഭിക്കുന്നുണ്ടെങ്കിലും വെർച്വൽ ക്യൂവിലെ ഈ ദുരൂഹതയെക്കുറിച്ച് സർക്കാരും ദേവസ്വം ബോർഡും അന്വേഷിക്കണമെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വെർച്വൽ ക്യൂ ഒഴിവാക്കി മുൻകാലങ്ങളിലേതുപോലെ തടസ്സങ്ങളില്ലാത്ത ദർശനത്തിന് പരീക്ഷണാടിസ്ഥാനത്തിൽ സൗകര്യമൊരുക്കണം. കഴിഞ്ഞ 10 വർഷമായി തീർത്ഥാടന സംവിധാനങ്ങളെ തകർക്കാൻ നടന്ന നീക്കങ്ങളെയും ഉദ്യോഗസ്ഥ വീഴ്ചകളെയും കുറിച്ച് അന്വേഷിക്കാൻ പുതിയ സർക്കാർ കമ്മീഷനെ നിയമിക്കണം. അയ്യപ്പ സേവാ സംഘം, അമൃതാനന്ദമയി മഠം തുടങ്ങിയ ഹൈന്ദവ സംഘടനകളെ വീണ്ടും ശബരിമലയിൽ സൗജന്യ സേവനത്തിന് അനുവദിക്കണം.
നിലയ്ക്കൽ-പമ്പ റൂട്ടിലെ കെ.എസ്.ആർ.ടി.സി അമിത നിരക്കും, പമ്പയിലെ കടകളുടെ അമിത വാടകയും കുറയ്ക്കണം. കുടിവെള്ളം, ശുചിമുറി, വിരിവെക്കൽ, പാർക്കിംഗ്, ഓക്സിജൻ പാർലറുകൾ എന്നിവ കാര്യക്ഷമമാക്കുകയും മരക്കൂട്ടം-ശരംകുത്തി പാതയിലെ അപകടങ്ങൾ ഒഴിവാക്കാൻ നടപടിയെടുക്കുകയും വേണം
നിലയ്ക്കലിലെ പോലീസ് അതിക്രമങ്ങൾ അവസാനിപ്പിച്ച് സേവനമനോഭാവമുള്ള ഉദ്യോഗസ്ഥരെ മാത്രം ഡ്യൂട്ടിക്ക് നിയോഗിക്കണം. ഭക്തരുടെ വികാരങ്ങൾ മാനിച്ച് സുഗമമായ തീർത്ഥാടനത്തിന് സർക്കാരും ദേവസ്വം ബോർഡും അടിയന്തരമായി ഇടപെടണമെന്നും പ്രസാദ് കുഴിക്കാല ആവശ്യപ്പെട്ടു.





