ആറന്മുള: ആറന്മുള ഉത്രട്ടാതി ജലമേള ഓഗസ്റ്റ് 30-ന് ഉച്ചക്ക് 1.30- ന് ഉപരാഷ്ട്രപതി സി പി രാധാകൃഷ്‌ണൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, ജലവിഭവ മന്ത്രി മോൻസ് ജോസഫ്, ആൻ്റോ ആൻ്റണി എം പി, വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ,കൊടിക്കുന്നിൽ സുരേഷ് എം പി, എം എൽ എ മാരായ അബിൻ വർക്കി, പഴകുളം മധു, വർഗീസ് മാമൻ, സജി ചെറിയാൻ, സി വി ശാന്തകുമാർ, ജെനീഷ് കുമാർ, എം എസ് അരുൺ കുമാർ, ഗോപകുമാർ തുടങ്ങിയവർ പങ്കെടുക്കും
ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ദീപം ഘോഷയാത്ര വാദ്യമേളങ്ങളോടെ 30 ന് രാവിലെ 9.30 ന് സത്ര പവലിയനിൽ എത്തിച്ചേരും. തുടർന്ന് ജില്ലാ കലക്‌ടർ നിസാമുദ്ദീൻ പതാക ഉയർത്തുന്നതോടെ ചടങ്ങുകൾ തുടങ്ങും. ഉച്ചക്ക് 1.30 ന് ജലഘോഷയാത്ര ആരംഭിക്കും.3 മണിക്ക് മത്സര വള്ളംകളി തുടങ്ങും. 51 പള്ളിയോടങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളും ആണ് ഉള്ളത്. മത്സര വള്ളംകളിയിൽ ഓരോ പള്ളിയോടത്തിൻ്റെയും സ്റ്റാർട്ടിങ് പോയിന്റ്റിൽ നിന്ന് ഫിനിഷിങ് പോയിൻ്റിൽ എത്തുന്ന സമയം ആധുനിക ഡിജിറ്റൽ സംവിധാനത്തിൽ രേഖപ്പെടുത്തും. ഏറ്റവും കുറഞ്ഞ സമയത്തിൽ എത്തുന്ന 4 പള്ളിയോടങ്ങളെ തിരഞ്ഞെടുത്ത് ഫൈനൽ മത്സരത്തിൽ പങ്കെടുപ്പിക്കും
ഏറ്റവും നല്ല രീതിയിൽ പാടി തുഴയുന്നവർക്കും, ഏറ്റവും നല്ല ചമയം ഉള്ളവർക്കും പ്രത്യേക സമ്മാനങ്ങൾ നൽകും. എ, ബി ബാച്ചിൽപ്പെട്ട ഒന്നാം സ്ഥാനക്കാർക്ക് മന്നം ട്രോഫിയും, ഏറ്റവും നല്ല രീതിയിൽ പാടി കളിച്ചു തുഴയുന്നവർക്ക് ആർ ശങ്കർ മെമ്മോറിയൽ സുവർണ ട്രോഫിയും നൽകും





