പത്തനംതിട്ട : ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാകാത്ത സാഹചര്യത്തിൽ ഇത്തവണത്തെ പത്തനംതിട്ട റവന്യൂ ജില്ലാ സ്കൂൾ കായികമേളയും കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിൽ നടത്തും. ജില്ലാ സ്റ്റേഡിയം ഒരുക്കി കായികമേളയ്ക്ക് സ്ഥിരം വേദിയൊരുക്കുമെന്ന പ്രതീക്ഷയ്ക്കിടെയാണ് തുടർച്ചയായി കൊടുമണിലേക്ക് മേള മാറ്റുന്നത്.
ജില്ലയിലെ വിവിധ ഉപജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കുന്ന കായികമേളയ്ക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള നടപടികൾ കൊടുമൺ സ്റ്റേഡിയത്തിൽ ആരംഭിക്കും. അത്‌ലറ്റിക്സ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്കായി വേദി സജ്ജമാക്കുന്നതിനും കായികതാരങ്ങൾക്കും അധ്യാപകർക്കും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും സംഘാടകർ നടപടി സ്വീകരിക്കും.
ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയാകാത്തത് ജില്ലയിലെ കായികരംഗത്ത് ആശങ്ക ഉയർത്തുന്നുണ്ട്. ജില്ലാ തല സ്‌കൂൾ കായികമേള ഒക്ടോബർ 8 മുതൽ 10 വരെയാണ് നടക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 51 കോടി രൂപ ചെലവിലാണ് ആധുനിക രീതിയിൽ ജില്ലാ സ്റ്റേഡിയം നിർമാണം ആരംഭിച്ചത്. എട്ട് ലൈൻ 400 മീറ്റർ സിന്തറ്റിക് ട്രാക്കും ടർഫും പൂർത്തിയായ തൊഴിച്ചാൽ മറ്റ് ജോലികളൊന്നും ആരംഭിച്ചിട്ടില്ല.
ഷോട്ട്പുട്ട് സർക്കിൾ, ഹാമർ കേജ് തുടങ്ങിയവ സ്ഥാപിക്കാനുണ്ട്. ഫെൻസിംഗ്, പവലിയൻ, നീന്തൽക്കുളം എന്നിവയുടെ നിർമാണം 60% മാത്രമേ പൂർത്തിയായുള്ളു. ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് നിർമാണ ചുമതല. കായികതാരങ്ങളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ആധുനിക സൗകര്യങ്ങളുള്ള ജില്ലാ സ്റ്റേഡിയം അനിവാര്യമാണെന്ന ആവശ്യം ശക്തമായിരിക്കെയാണ് ജില്ലാ സ്റ്റേഡിയം നിർമാണം ഇഴഞ്ഞു നീങ്ങുന്നത്
കഴിഞ്ഞ വർഷവും ജില്ലാ സ്കൂൾ കായികമേള കൊടുമൺ ഇ.എം.എസ്. സ്റ്റേഡിയത്തിലാണ് നടന്നത്. പത്തനംതിട്ടയിൽ നിന്ന് 12 കി.മി സഞ്ചരിച്ച് വേണം വിദ്യാർഥികൾക്ക് കൊടുമണ്ണിൽ എത്തേണ്ടത്. ഇത് യാത്രാ ചെലവും വർധിപ്പിക്കുന്നു.ജില്ലാ സ്റ്റേഡിയത്തിന്റെ നിർമാണം എത്രയും വേഗം പൂർത്തിയാക്കി അടുത്ത വർഷത്തെ കായികമേളയെങ്കിലും പുതിയ വേദിയിൽ നടത്തണമെന്ന ആവശ്യമാണ് ഉയരുന്നത്.





