തിരുവനന്തപുരം : പ്ലാൻഫണ്ടിൽ നിന്നു 100 കോടി രൂപ വിനിയോഗിച്ചു കെഎസ്ആർടിസി 300 ബസുകൾ വാങ്ങും. അടുത്ത മാസം ടെൻഡർ നടപടി ആരംഭിക്കും. 290 സൂപ്പർഫാസ്റ്റ് ബസുകളും 10 എസി ബസുകളും വാങ്ങാനാണ് നീക്കം നടക്കുന്നത്.
എന്നാൽ പുതിയ ബസുകളുടെ ബോഡി നിർമാണം കെഎസ്ആർടിസി വർക്‌ഷോപ്പുകളിൽ നടത്തണമെന്ന ആവശ്യവുമായി യൂണിയനുകൾ രംഗത്തു വന്നു. കഴിഞ്ഞ സർക്കാർ വാങ്ങിയ സൂപ്പർ ഫാസ്റ്റ് പ്രീമിയം ബസുകൾ സംബന്ധിച്ചു വ്യാപകപരാതി ഉയർന്ന സാഹചര്യത്തിലാണ് കമ്പനികളിൽ നിന്നു ഷാസി എത്തിച്ച് ബോഡി നിർമാണം കെഎസ്ആർടിസി തന്നെ നടത്തണമെന്ന ആവശ്യമുയരുന്നത്.
യാത്രാസുഖം ഉറപ്പാക്കുന്ന സീറ്റ് ഡിസൈനായിരിക്കും പുതിയ ബസുകളിൽ ഉണ്ടാകുകയെന്ന് മന്ത്രി സി.പി.ജോൺ പറഞ്ഞു. കേന്ദ്രപദ്ധതി വഴി ഇലക്ട്രിക് ബസുകൾ ലഭിക്കാനുള്ള ശ്രമവും സർക്കാർ നടത്തുന്നുണ്ട്. 950 ബസുകളാണ് ഇതുവഴി ലഭിക്കേണ്ടത്.
സ്വകാര്യ ബസുകൾ വാടകയ്ക്കെടുത്ത് ഓടിക്കാനുള്ള തീരുമാനം കെഎസ്ആർടിസിക്കു ഗുണം ചെയ്തെങ്കിലും ചില കോണുകളിൽ നിന്നു പദ്ധതി നഷ്ടമാണെന്നു പ്രചരിപ്പിക്കുന്നതിനാൽ കൂടുതൽ സ്വകാര്യ ഓപ്പറേറ്റർമാർ മുന്നോട്ടുവരുന്നില്ല.





