പത്തനംതിട്ട: സാമ്പത്തിക തട്ടിപ്പ് ആരോപണത്തിൽ റാന്നി മുൻ എം.എൽ.എ പ്രമോദ് നാരായണനെതിരെ കേസെടുത്ത് പൊലീസ്. ആലപ്പുഴ നൂറനാട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ രണ്ടാം പ്രതിയാണ് പ്രമോദ് നാരായൺ. സ്വകാര്യ സ്ഥാപനത്തിൽ ഓഹരിയും ഉയർന്ന ലാഭവിഹിതവും വാഗ്ദാനം ചെയ്ത് 25 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് പരാതിക്കാരന്റെ ആരോപണം.
2014 – 2015 കാലയളവിലാണ് കേസിനാസ്പദമായ തുക നിക്ഷേപിച്ചത്. ലാഭവിഹിതമോ നിക്ഷേപിച്ച തുകയോ തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, പ്രാഥമിക ഘട്ടത്തിലാണെന്നും നൂറനാട് പൊലീസ് വ്യക്തമാക്കി. കേസിന്റെ കൂടുതൽ വിവരങ്ങൾ തുടരന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.





