ശബരിമല: മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമലയിൽ അയ്യപ്പഭക്തരുടെ തിരക്ക് വർധിക്കുന്നു. ദർശനത്തിനായി എത്തുന്ന തീർത്ഥാടകരുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാനും സുഗമമായ ദർശനം ഉറപ്പാക്കാനും വെർച്വൽ ക്യൂ സംവിധാനത്തിലെ സമയക്രമം കർശനമായി നടപ്പാക്കാൻ പൊലീസ് തീരുമാനിച്ചു.
ബുക്കിങ് സമയത്ത് അനുവദിച്ചിട്ടുള്ള സ്ലോട്ടിൽ തന്നെ ഭക്തർ ദർശനത്തിനെത്തണമെന്നാണ് പൊലീസിന്റെ നിർദേശം..നേരത്തേ വെർച്വൽ ക്യൂ ബുക്കിങ്ങിൽ രേഖപ്പെടുത്തിയ സമയക്രമം കർശനമായി പരിശോധിച്ചിരുന്നില്ല. എന്നാൽ ഇക്കുറി ആദ്യ ദിനങ്ങളിൽ തന്നെ തിരക്ക് വർധിച്ചതോടെ സമയക്രമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് പൊലീസിന്റെ നടപടി.
അനുവദിച്ച സമയത്തിന് മുമ്പേയും ശേഷവും എത്തുന്നവരുടെ പ്രവേശനം നിയന്ത്രിക്കും. തിരക്ക് അനിയന്ത്രിതമാകാതിരിക്കാനും തീർത്ഥാടകർക്ക് ദീർഘനേരം കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവാക്കാനുമാണ് നിയന്ത്രണം ശക്തമാക്കുന്നത്. ഇതിനിടെ മണ്ഡലകാലത്തെ വെർച്വൽ ക്യൂ ബുക്കിങ് സ്ലോട്ടുകൾ ഭൂരിഭാഗവും നിറഞ്ഞു.
നിലവിൽ ഏകദേശം 3000 സ്ലോട്ടുകൾ മാത്രമാണ് ബാക്കിയുള്ളത്. ഡിസംബർ 25 വരെയും 31-ാം തീയതിയിലും ദർശനത്തിനുള്ള ബുക്കിങ്ങിന് ഒഴിവില്ല. ജനുവരി ഒന്ന് മുതൽ ഒൻപത് വരെയുള്ള തീയതികളിലാണ് ഇനി സ്ലോട്ട് ലഭ്യമാകുക. അതിനാൽ ദർശനത്തിന് എത്താൻ ഉദ്ദേശിക്കുന്ന ഭക്തർ ലഭ്യമായ സ്ലോട്ടുകൾ പരിശോധിച്ച് മുൻകൂട്ടി ബുക്കിങ് നടത്തേണ്ടിവരും.
പരമ്പരാഗത കാനനപാത വഴിയുള്ള തീർത്ഥാടനത്തിനും തുടക്കമായി. ആദ്യദിനമായ ഇന്നലെ സത്രത്തിൽനിന്ന് കാനനപാത വഴി 745 അയ്യപ്പഭക്തരാണ് മലകയറിയത്. രാവിലെ 7.30ന് അഴുത ഫോറസ്റ്റ് സെക്ഷൻ ഓഫീസിന് മുന്നിൽ ഒരുക്കിയ കൗണ്ടറിൽ പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് ആദ്യസംഘം യാത്ര ആരംഭിച്ചത്.
ആദ്യ മണിക്കൂറിൽത്തന്നെ അറുനൂറിലധികം ഭക്തർക്ക് ടോക്കൺ ലഭിച്ചു. കാനനപാതയിലൂടെ സഞ്ചരിക്കുന്ന ഭക്തരുടെ സുരക്ഷയും യാത്രാക്രമവും ഉറപ്പാക്കുന്നതിനായി വനംവകുപ്പും പരിശോധനകളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.





