ശബരിമല : സന്നിധാനത്ത് തീർത്ഥാടകർക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങൾക്കും ക്രമക്കേടുകൾക്കുമെതിരെ വിജിലൻസിന്റെ കർശന നടപടി. ദർശനത്തിന് പണം ഈടാക്കുന്നുവെന്നും മുറികൾ അനധികൃതമായി മറിച്ചു നൽകുന്നുവെന്നുമുള്ള വ്യാപക പരാതികളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് സന്നിധാനത്ത് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
മരാമത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിലും വിവിധ വ്യാപാര സ്ഥാപനങ്ങളിലുമായിരുന്നു പ്രധാന പരിശോധന. അനുവദിച്ച സ്ഥലപരിധിക്ക് പുറത്തേക്ക് കടകൾ നിർമ്മിച്ചിട്ടുണ്ടോ എന്ന പരിശോധനയിൽ നാല് വ്യാപാര സ്ഥാപനങ്ങൾ കൂടുതൽ സ്ഥലം കയ്യേറിയതായി വിജിലൻസ് സംഘം കണ്ടെത്തി.
അസിസ്റ്റന്റ് എൻജിനീയറുടെയും പ്യൂണിന്റെയും മൊബൈൽ ഫോണുകൾ പരിശോധനയിൽ പിടിച്ചെടുത്തു. ഇരുവരുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് വിവിധ വ്യക്തികളിൽ നിന്നായി സംശയാസ്പദമായ രീതിയിൽ പണം എത്തിയിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരാമത്ത് ഉദ്യോഗസ്ഥരുടെ പരിശോധനാ റിപ്പോർട്ടുകളിലെ വിവരങ്ങളും അനധികൃത പണപ്പിരിവുകളും വിജിലൻസ് വിശദമായി പരിശോധിച്ചു വരികയാണ്.
അതേസമയം, ശബരിമലയിൽ വെർച്വൽ ക്യൂ വഴി 66,000 പേർ ബുക്ക് ചെയ്തിട്ടും സന്നിധാനത്തെത്തിയ തീർത്ഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായി. ഇന്ന് രാവിലെ 11 മണി വരെ ഏകദേശം 22,000 പേർ മാത്രമാണ് ദർശനം നടത്തിയത്. ഇതിനിടെ, നവംബർ 30 വരെ പ്രതിദിനം 5,000 പേർക്ക് കൂടി അധികമായി വെർച്വൽ ക്യൂ ബുക്കിംഗിന് അനുമതി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചു.





