പത്തനംതിട്ട: കോൺഗ്രസിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും നേതൃത്വത്തോടുള്ള അതൃപ്തിയും വീണ്ടും പരസ്യപ്രതികരണങ്ങളിലേക്ക്. പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങൾ പോലും അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും എം.പിയുമായ അടൂർ പ്രകാശ് തുറന്നടിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ അടുത്തിടെ നടത്തിയ പരാമർശങ്ങളോട് പ്രതികരിക്കാൻ തയ്യാറാകാതിരുന്ന അദ്ദേഹം, ഉണ്ണിത്താൻ തന്റെ മറുപടി പോലും അർഹിക്കുന്നില്ലെന്നും വ്യക്തമാക്കി.
ക്യാബിനറ്റിൽ നടക്കുന്ന കാര്യങ്ങൾ അറിയാൻ തനിക്ക് കഴിയില്ലെന്നും ബന്ധപ്പെട്ട മന്ത്രിമാരോട് ചോദിക്കണമെന്നുമാണ് അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞത്. താൻ ക്യാബിനറ്റ് അംഗമല്ലെന്നും അതിനാൽ അവിടെ നടക്കുന്ന കാര്യങ്ങൾ നേരിട്ട് അറിയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രധാനമായ തീരുമാനങ്ങൾ പോലും പത്രങ്ങൾ വായിച്ചാണ് അറിയേണ്ടിവരുന്നതിലുള്ള അതൃപ്തിയും അദ്ദേഹം മറച്ചുവച്ചില്ല.
എ.ഐ.സി.സി നേതൃത്വത്തിന് കത്ത് നൽകിയതിൽ മുഖ്യമന്ത്രി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കട്ടെയെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ചില തീരുമാനങ്ങളിൽ പരസ്യമായി വിയോജിച്ചത് വ്യക്തമായ കാരണങ്ങളോടെയാണെന്നും തന്റെ നിലപാട് ശരിയാണോ തെറ്റാണോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി സ്ഥാനങ്ങൾ രാജിവെക്കാൻ സന്നദ്ധത അറിയിച്ചെന്ന വാർത്തകളും അടൂർ പ്രകാശ് നിഷേധിച്ചു. താൻ രാജിസന്നദ്ധത അറിയിച്ചെന്ന് ആരാണ് മാധ്യമങ്ങളോട് പറഞ്ഞതെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ സംബന്ധിച്ച് എ.ഐ.സി.സി നേതൃത്വത്തെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചിട്ടുണ്ടെന്നും ഇനി അന്തിമ തീരുമാനം ഹൈക്കമാൻഡിന്റേതാണെന്നും അദ്ദേഹം വ്യക്തമാക്കി.





